തിരുവനന്തപുരം∙ എസ്എടി ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോട് പാർട്ടി ലിസ്റ്റ് ചോദിച്ച് കത്തെഴുതിയതായി കോർപറേഷൻ പാർലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആർ.അനിൽ. നടപടികൾ വേഗത്തിലാക്കാനാണു കത്ത് തയാറാക്കിയത്. കത്തെഴുതിയെങ്കിലും ജില്ലാ സെക്രട്ടറിക്കു കൊടുത്തില്ല. പിൻവാതിൽ നിയമനം നടത്താനുള്ള നീക്കമല്ല നടത്തിയത്. മേയറുടെ കത്ത് സംബന്ധിച്ച് നിജസ്ഥിതി പുറത്തുവരട്ടെയെന്നും അനിൽ പറഞ്ഞു.
എസ്എടി ആശുപത്രിയിലെ രോഗികളുടെ കൂട്ടിരുപ്പുകാരുടെ വിശ്രമ കേന്ദ്രത്തിൽ കുടുംബശ്രീ വഴി ജീവനക്കാരെ നിയമിക്കുന്നതിനാണ് ലിസ്റ്റ് ചോദിച്ച് ഡി.ആർ. അനിൽ കത്തയച്ചത്. ജീവനക്കാരെ നിയമിക്കാൻ സെപ്റ്റംബർ 23ന് ചേർന്ന മോണിറ്ററിങ് കമ്മിറ്റി തീരുമാനിച്ചതായി കത്തിൽ പറയുന്നു. കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റ് തരണമെന്നാണ് ജില്ലാ സെക്രട്ടറിയോട് അഭ്യർഥിച്ചത്.
സിപിഎം ജില്ലാ സെക്രട്ടറിക്കു മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ കത്ത് തയാറാക്കിയത് സിപിഎമ്മിന്റെ ഒരു ഏരിയ കമ്മിറ്റി അംഗമാണെന്ന സൂചനകൾ പുറത്തു വന്നിരുന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. ഇദ്ദേഹം ലോക്കൽ കമ്മിറ്റിക്കു കീഴിലെ വാട്സാപ് ഗ്രൂപ്പുകളിൽ കത്ത് പങ്കുവച്ചു. അവിടെനിന്നു കത്ത് പുറത്തായി. ഇരുവർക്കുമെതിരെ പാർട്ടി നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്. ഔദ്യോഗിക ലെറ്റർഹെഡിൽ കത്ത് തയാറാക്കിയത് എങ്ങനെയെന്നാണ് ഇനി കണ്ടെത്തേണ്ടത്. കത്ത് സംബന്ധിച്ചു മേയർ ചില സംശയങ്ങൾ ഉന്നയിച്ചിരുന്നു.
നഗരത്തിലെ പല താൽക്കാലിക നിയമനങ്ങളും നിയന്ത്രിക്കുന്നത് ഈ ഏരിയ കമ്മിറ്റി അംഗമാണ്. മെഡിക്കൽ കോളജ് ഭാഗത്തെ ഒരു ട്രസ്റ്റ് ഓഫിസ് കേന്ദ്രീകരിച്ചാണ് ഇദ്ദേഹത്തിന്റെയും ലോക്കൽ സെക്രട്ടറി ഉൾപ്പെടുന്ന സംഘത്തിന്റെയും പ്രവർത്തനം. സിപിഎമ്മിന്റെ ഒരു ഉന്നത നേതാവിന്റെ ഒത്താശയോടെയാണ് ഇതെല്ലാം. മിക്ക ദിവസവും നേതാവ് ഇവിടെയെത്തും. ഉദ്യോഗാർഥികളെ ഇവിടേക്കു വിളിപ്പിക്കുന്നതും നിയമനം സംബന്ധിച്ചു തീരുമാനം എടുക്കുന്നതും നേതാവിന്റെ സാന്നിധ്യത്തിൽ. ഏരിയ കമ്മിറ്റി അംഗവുമായി ചേർന്നുള്ള വഴിവിട്ട ഇത്തരം നടപടികളെപ്പറ്റി സംസ്ഥാന നേതൃത്വം മുൻപാകെ പരാതി എത്തിയിട്ടുണ്ട്.ലോക്കൽ സെക്രട്ടറി സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ്. ലോക്കൽ സെക്രട്ടറി പദവി വഹിക്കുന്നവർ സഹകരണ ബാങ്ക് പ്രതിനിധിയാകരുതെന്ന പാർട്ടി നിർദേശം ലംഘിച്ചാണിത്.