തിരുവനന്തപുരം : കോവളം വെള്ളാറിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ പ്രേരണ കുറ്റത്തിന് ഭർത്താവിനെയും മകനെയും കാേവളം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം താന്നിക്കാട് മാലിയിൽ നട്ടാശ്ശേരി പുഷ്കരന്റെയും ശാന്തയുടെയും മകൾ വെള്ളാർ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിന്ദു (46) ആണ് വെള്ളിയാഴ്ച പുലർച്ചെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. വീട്ടമ്മയെ ഭർത്താവും മകനും നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഭർത്താവ് അനിൽ (48) മകൻ അഭിജിത്ത് (20) എന്നിവരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം സ്വദേശികളായ കുടുംബം കഴിഞ്ഞ 27 വർഷമായി വെള്ളാറിൽ വാടകക്ക് താമസിക്കുകയാണ്. ഭർത്താവിന്റെയും മകന്റെയും ഉപദ്രവത്തെക്കുറിച്ച് വീട്ടമ്മ നേരത്തെ കോവളം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അന്ന് ഇരു കൂട്ടരെയും വിളിച്ച് കേസ് ഒത്തു തീർപ്പാക്കിയതാണ്. വെള്ളിയാഴ്ച്ച പുലർച്ചെ 12.30 ഓടെ വീട്ടിനുള്ളിൽ സാരിയിൽ തൂങ്ങിനിന്ന വീട്ടമ്മയെ ഭർത്താവും മകനും കൂടി അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലെത്തെത്തിയ വീട്ടമ്മയുടെ സഹോദരൻ മരണത്തിൽ ദുരൂഹത ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റത്തിന് ഭർത്താവിനെയും മകനെയും അറസ്റ്റ് ചെയ്തത്.
മൃതദേഹത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ടൂറിസം വകുപ്പിന്റെ കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയിലെ ജീവനക്കാരനാണ് അറസ്റ്റിലായ ഭർത്താവ് അനിൽ. പോസ്റ്റ്മോർട്ടം കഴിഞ്ഞ് വിട്ടുനൽകിയ മൃതദേഹം കോട്ടയത്തേക്ക് കാെണ്ട് പാേയി. ഇന്ന് സംസ്കരിക്കുമെന്നും. കാേവളം എസ് എച്ച് ഒ പ്രെെജു, എസ്.ഐ അനീഷ്കുമാർ, എ എസ് ഐ മുനീർ, സി.പി.ഒ. ലജീവ് കൃഷ്ണ, ശ്യാംകുമാർ, ഡാനിയൽ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.