റിയാദ് : യുനെസ്കോ സർഗാത്മക നഗരങ്ങളുടെ (ക്രിയേറ്റീവ് സിറ്റിസ്) ശൃംഖലയിൽ സൗദി അറേബ്യയിൽ നിന്ന് ത്വാഇഫ് നഗരവും. സൗദി സാംസ്കാരിക മന്ത്രി അമീറ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ ‘എക്സ്’ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കവിതയുടെയും സാഹിത്യത്തിൻറെയും നാടായ ത്വാഇഫും ഉക്കാദ് പൗരാണിക ചന്തയും യുനെസ്‌കോ സർഗാത്മക നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു.യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ ആണ് 55 നഗരങ്ങൾക്ക് സർഗാത്മക നഗരങ്ങളുടെ പദവി നൽകി കൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
അതിലൊരു പട്ടണമാണ് ത്വാഇഫ്. ഈ നഗരങ്ങൾ അവയുടെ വികസന തന്ത്രങ്ങളിലും നൂതന സമ്പ്രദായങ്ങളിലും സംസ്കാരത്തിനും സർഗാത്മകതയ്ക്കും നൽകിയ സ്ഥാനം കൊണ്ട് ഏറെ വേറിട്ടു നിൽക്കുന്നതാണ്. ഇതോടെ യുനെസ്കോ ക്രിയേറ്റീവ് നെറ്റ്‌വർക്കിൽ അംഗങ്ങളായ നഗരങ്ങളുടെ എണ്ണം 350 ആയി. 100-ലധികം രാജ്യങ്ങളിൽ ഇൗ നഗരങ്ങൾ വ്യാപിച്ചു കിടക്കുന്നു. സർഗാത്മക മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് കരകൗശലവസ്തുക്കൾ, നാടോടി കലകൾ, ഡിജിറ്റൽ കലകൾ, ഡിസൈൻ, സിനിമ, പാചകകല എന്നീ ഏഴ് സർഗാത്മക മേഖലകളെയാണ്.