റിയാദ്: ദക്ഷിണ സൗദിയിലെ അബഹ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിന് ആളില്ലാ വിമാനം ഉപയോഗിച്ച് യമന്‍ വിമത സായുധ സംഘമായ ഹൂതികളുടെ ആക്രമണം. സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ എയര്‍പ്പോര്‍ട്ട് ലക്ഷ്യമാക്കിയെത്തിയ ഉടന്‍ അറബ് സഖ്യസേന വെടിവെച്ചിട്ടു. അതിന്റെ ചീളുകള്‍ പതിച്ച് വിവിധ രാജ്യക്കാരായ 12 പേര്‍ക്ക് പരിക്കേറ്റു.
എയര്‍പ്പോര്‍ട്ടിലെ തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റതില്‍ ഒരാള്‍ ഇന്ത്യക്കാരനാണ്. രണ്ടു പേര്‍ സൗദികളും നാലുപേര്‍ ബംഗ്ലാദേശികളും മൂന്നുപേര്‍ നേപ്പാളികളുമാണ്. ഓരോ ഫിലിപ്പീന്‍സ്, ശ്രീലങ്കന്‍ പൗരന്മാര്‍ക്കും പരിക്കേറ്റു. ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ച് വിമാനത്താവളത്തിന്റെ മുന്‍ഭാഗത്തുള്ള ചില്ലുകള്‍ തകരുകയും ചെറിയ കേടുപാടുകളുണ്ടാവുകയും ചെയ്തിട്ടുണ്ട്. സുരക്ഷാനടപടികള്‍ സ്വീകരിച്ചതിന് ശേഷം വ്യോമഗതാഗതം പുനരാരംഭിച്ചു.