ആലുവ: ആലുവയില്‍ മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ ജോസഫ്(47), ഭാര്യ ബേബി(42) എന്നിവരടക്കം ഒരു കുടംബത്തിലെ ആറ് പേരെ കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് ഇരുപത് വര്‍ഷമായി. പ്രതിയെന്ന് കണ്ടെത്തിയ ആന്റണിക്ക് നല്‍കിയ വധശിക്ഷ 2018 ല്‍ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചിരുന്നു. കൂട്ടകൊലപാതകത്തിന് കൃത്യമായ തെളിവില്ലെന്നും സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് തൂക്കാന്‍ വിധിച്ചതെന്നുമായിരുന്നു ആന്റണി വാദിച്ചത്. കുടുംബം ഒന്നാകെ മരണപെട്ടതിനാല്‍ കുടുംബസ്വത്തിന്റെ പിന്തുടര്‍ച്ചാവകാശം സംബന്ധിച്ച് സങ്കീര്‍ണ്ണതകള്‍ ഉണ്ടായി. ബന്ധുക്കള്‍ ഒത്തുതീര്‍പ്പിലൂടെ സ്വത്ത് ഭാഗം വെക്കാന്‍ തീരുമാനിച്ചെങ്കിലും ആദ്യം ആരാണ് മരണമടഞ്ഞത് എന്നത് സംബന്ധിച്ച കാര്യത്തില്‍ തീര്‍പ്പാക്കാനാവാതെ സ്വത്ത് ഭാഗം വെക്കാനാവില്ല എന്ന നിയമക്കുരുക്ക് ഉണ്ടായി എന്നാണറിഞ്ഞത്. അതായത് ആദ്യം മരിച്ചത് ഭാര്യയാണെങ്കില്‍ ഭര്‍ത്താവ് മുഴുവന്‍ സ്വത്തിന്റെയും ഉടമായായി തീരും.
പിന്നീട് ഭര്‍ത്താവ് മരിക്കുമ്പോള്‍ മുഴുവന്‍ സ്വത്തും ഭര്‍ത്താവിന്റെ അനന്തരവകാശികള്‍ക്ക് ലഭിക്കും. ഇനി ആദ്യം മരിക്കുന്നത് ഭര്‍ത്താവാണെങ്കില്‍ ഭാര്യയുടെ ബന്ധുക്കള്‍ക്കാണ് സ്വത്ത് പോകേണ്ടത്. ഇരുഭാഗത്തെയും ബന്ധുക്കളും പര്‌സപരധാരണയില്‍ എത്തിയാലും നിയമം വഴങ്ങില്ല എന്ന നില. ഇവിടെ ആര്‍ക്കാണ് ആദ്യം അടി കിട്ടിയത്, ആരാണ് ആദ്യം മരിച്ചത്, മരണം എപ്പോഴാണ് സ്ഥിരീകരിച്ചത് എന്നൊക്കെ കൃത്യമായി കണ്ടെത്താനാവാതെ കോടിക്കണക്കിന് വരുന്ന സ്വത്തിന്റെ പിന്തുടര്‍ച്ചാവകാശം പ്രശ്‌നമാകുമെന്ന് വായിച്ചിരുന്നു. ഈ വിഷയം എങ്ങനെ പരിഹരിച്ചു എന്നറിയുമോ?. കൊലപാതകത്തിന് ഇരുപതു വര്‍ഷം പിന്നിട്ടപ്പോള്‍ ആരെ ആദ്യം കൊല ചെയ്തു എന്നതിന് ഇന്നും വ്യക്തതയില്ല.