ന്യൂ ഡൽഹി: പാകിസ്താൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞുവച്ചു. നിലവിൽ പാകിസ്താൻ സർക്കാരിന്റെ “@GovtofPakistan” എന്ന ട്വിറ്റർ ഫീഡ് ഇന്ത്യൻ ഉപയോക്താക്കൾക്ക് ദൃശ്യമല്ല. നിയമപരമായ പ്രശ്നങ്ങൾ കാരണം അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞു വെച്ചിരിക്കുകയാണ് എന്നാണ് അക്കൗണ്ട് തുറക്കുമ്പോൾ കാണാനാവുക. ട്വിറ്റർ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം കോടതി ഉത്തരവ് പോലെയുള്ള നിയമപരമായ കാര്യങ്ങൾക്ക് പ്രതികരണമായാണ് ഇത്തരം നടപടികൾ സ്വീകരിക്കുന്നത്.
നേരത്തെ ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം, പൊതു ക്രമം എന്നിവയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് പാകിസ്താൻ ആസ്ഥാനമായുള്ള നിരവധി യൂട്യൂബ് വാർത്താ ചാനലുകൾ കേന്ദ്ര വാർത്താ വിതരണ-പ്രക്ഷേപണ മന്ത്രാലയം തടഞ്ഞിരുന്നു. കഴിഞ്ഞ ജൂലൈയിലും പാകിസ്ഥാൻ സർക്കാരിന്റെ ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞിരുന്നു. തുർക്കി, ഇറാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ പാകിസ്താൻ എംബസികളുടെ ഔദ്യോഗിക അക്കൗണ്ടുകൾ നേരത്തെ ട്വിറ്റർ ഇന്ത്യയിൽ നിരോധിച്ചിരുന്നു.