ദില്ലി: കൂട്ടപ്പിരിച്ചുവിടലിൽ ജോലിയിൽ നിന്ന് പുറത്താക്കിയ ചിലരെ ട്വിറ്റർ തിരികെ വിളിക്കുന്നതായി റിപ്പോർട്ട്. സുപ്രധാന സംവിധാനങ്ങൾ കൈകാര്യം ചെയ്തിരുന്ന സംഘങ്ങളെ മുഴുവൻ ട്വിറ്റർ പിരിച്ചുവിട്ടിരുന്നു. ഈ അബദ്ധം തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് തിരികെ വിളിക്കൽ. ട്വിറ്ററിൽ നീണ്ട എഴുത്തുകൾ പോസ്റ്റ് ചെയ്യാൻ സഹായിക്കുന്ന നോട്സ് ഫീച്ചറിൻ്റെ പിന്നിലെ ടീമിനെ മുഴുവൻ പിരിച്ചുവിട്ടിരുന്നു. ഇവരെ അടക്കം തിരികെ വരാൻ സമീപിച്ചുവെന്നാണ് സൂചന.
കാര്യമായ പഠനമോ വീണ്ടുവിചാരമോ ഇല്ലാതെയാണ് മസ്ക് പിരിച്ചുവിടൽ പദ്ധതി നടപ്പാക്കിയതെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ വാർത്ത വരുന്നത്. ട്വിറ്റര്‍ ഏറ്റെടുക്കലിന് പിന്നാലെ വിവിധ വിഭാഗങ്ങളിലായി മസ്ക് കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയിരുന്നു. ജോലി നഷ്ടമായ വിവരം എന്‍ജിനിയറിംഗ്, മാര്‍ക്കറ്റിംഗ്, സെയില്‍സ് വിഭാഗത്തിലെ ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുമുണ്ട്. വാര്‍ത്ത ഏജന്‍സി എഎഫ്ഐ പുറത്തുവിട്ട ഒരു ട്വിറ്റര്‍ രേഖ പ്രകാരം 50 ശതമാനത്തോളം പേരെ പിരിച്ചുവിടും എന്നാണ് വിവരം.
പല ട്വിറ്റര്‍ ജീവനക്കാര്‍ക്കും അവരുടെ കമ്പനി ഇ-മെയില്‍ ലഭിക്കുന്നില്ലെന്നാണ് വിവരം. ഇതിന് കാരണം അവര്‍ കമ്പനിക്ക് പുറത്തായി എന്നാണ് വിവരം. ഏകദേശം 3700 പേരെ അമേരിക്കയിൽ ട്വിറ്റർ പുറത്താക്കിയെന്നാണ് വ്യക്തമാകുന്നത്. ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതിയിലാണ് മസ്കെന്നാണ് വ്യക്തമാകുന്നത്. കമ്പനിയുടെ നിലവിലുള്ള വർക്ക് ഫ്രം ഹോം നയം മാറ്റാനും മസ്ക് ഉദ്ദേശിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
വെള്ളിയാഴ്ച എന്തുകൊണ്ടാണ് താന്‍ ട്വിറ്റര്‍ ജീവനക്കാരെ പിരിച്ചുവിടുന്നത് എന്ന കാര്യം മസ്ക് വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ ജീവനക്കാരെ കുറയ്ക്കല്‍ അല്ലാതെ വഴിയില്ല. നിർഭാഗ്യവശാൽ കമ്പനിക്ക് പ്രതിദിനം 40 ലക്ഷം ഡോളര്‍ നഷ്‌ടമാകുന്നുണ്ട്. അത് ഒഴിവാക്കാതെ മറ്റ് വഴികളൊന്നുമില്ല -മസ്ക് ട്വീറ്റ് ചെയ്തു.