മാധ്യമ പ്രവർത്തകരുടെ മരവിപ്പിച്ച അക്കൗണ്ടുകൾ പുനർസ്ഥാപിച്ച് ട്വിറ്റർ. ട്വിറ്റർ നടപടിയിൽ വിമർശനം ശക്തമായതോടെയാണ് അക്കൗണ്ടുകൾ പുനസ്ഥാപിച്ചത്. മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച ട്വിറ്ററിൻ്റെ നടപടിയെ യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്ര സഭയും അപലപിച്ചിരുന്നു. ഇത്തരം നടപടികൾ തുടർന്നാൽ ട്വിറ്ററിന് വിലക്കേർപ്പെടുത്തുമെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പും നൽകിയിരുന്നു.
ഇതിന് പിറകെയാണ് മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ പുനസ്ഥാപിക്കുമെന്ന് ഇലോൺ മസ്ക് തന്നെ വ്യക്തമാക്കിയത്. ന്യൂയോർക്ക് ടൈംസ്, സിഎൻഎൻ, വാഷിങ്ടൺ പോസ്റ്റ് എന്നീ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. ലൊക്കേഷൻ ഡാറ്റ ലൈവായി ഷെയർ ചെയ്തതിനാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് ട്വിറ്റർ മാനേജ്‌മെൻ്റെ പറയുന്നത്.