ഏതൊരു പൊലീസുകാരനും ഒരബദ്ധമൊക്കെ പറ്റും. ഇത്തരത്തിൽ ഒറ്റക്ക് റസ്റ്ററന്റിൽ മസാല ദോശ കഴിക്കാൻ പോയി പറ്റിക്കപ്പെട്ട പൊലീസുകാരന്റെ കഥയാണിത്. ഐ.പി.എസ് ഓഫീസറായ അരുൺ ബോത്രയാണ് ഇങ്ങനെ പറ്റിക്കപ്പെട്ട കഥ ട്വിറ്ററിൽ പങ്കുവെച്ചത്.
ബോത്ര തനിച്ച് റസ്റ്ററന്റിൽ പോയി മസാല ദോശ കഴിച്ചു. ബില്ല് നൽകിയപ്പോൾ രണ്ട് ദോശയുടെ ബില്ലുണ്ടായിരുന്നു. താൻ ഒരു ദോശയേ കഴിച്ചിട്ടുള്ളൂവെന്ന് ബോത്ര കാഷ്യറെ അറിയിച്ചു. തുടർന്ന് വെയിറ്ററെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോഴാണ് പറ്റിക്കപ്പെട്ടുവെന്ന് മനസിലായത്.
ബോത്രയിരുന്നതിന് അപ്പുറത്തുള്ള സീറ്റിൽ ഇരുന്നയാളും മസാല ദോശയാണത്രേ വാങ്ങിയത്. ബോത്രക്കൊപ്പം വന്നതാണെന്ന് പറഞ്ഞ് ബില്ല് നൽകാതെ അയാൾ ഇറങ്ങിപ്പോയി. അതാണ് രണ്ട് ദോശയുടെ ബില്ലെന്ന് വെയിറ്റർ സാക്ഷ്യപ്പെടുത്തി.
കാണാൻ പറ്റുന്നതിന് മുമ്പ് കക്ഷി സ്ഥലം വിട്ടതിനാൽ ആരാണ് ഐ.പി.എസ് ഓഫീസറെ പറ്റിച്ചതെന്ന് മനസിലായിട്ടില്ല. ഏതായാലും രണ്ട് ദോശയുടെ ബില്ല് നൽകേണ്ടി വന്നുവെന്നാണ് ബോത്ര വ്യക്തമാക്കിയത്.