തിരുവനന്തപുരം: വിളര്‍ച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ‘വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്’ ക്യാമ്പയിനിലൂടെ രണ്ടര ലക്ഷത്തോളം പേര്‍ക്ക് അനീമിയ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 15 മുതല്‍ 59 വയസുവരെയുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും അനീമിയ കണ്ടെത്തുകയും ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ കാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ മറഞ്ഞിരുന്ന അനേകം പേരുടെ അനീമിയ കണ്ടെത്താനും ചികിത്സ നല്‍കാനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഈ കാമ്പയിനിലൂടെ 5,845 പേര്‍ക്കാണ് ഗുരുതര അനീമിയ കണ്ടെത്താനായത്. 50,121 പേര്‍ക്ക് സാരമായ അനീമിയും 51,816 പേര്‍ക്ക് നേരിയ അനീമിയയും കണ്ടെത്തിയിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം സ്ത്രീകള്‍ക്കിടയിലും അനീമിയ കണ്ടെത്താനായി. നേരിയ അനീമിയ ബാധിച്ചവര്‍ക്ക് ആഹാരത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താനുള്ള അവബോധം നല്‍കുന്നു. സാരമായ അനീമിയ ബാധിച്ചവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ചികിത്സ നല്‍കുന്നു. ഗുരുതര അനീമിയ ബാധിച്ചവര്‍ക്ക് താലൂക്ക്, ജില്ലാതല ആശുപത്രികള്‍ വഴി ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കിവരുന്നു. 15 മുതല്‍ 18 വയസുവരെയുള്ള വിദ്യാര്‍ത്ഥിനികളെ ആര്‍ബിഎസ്‌കെ നഴ്‌സുമാര്‍ വഴി പരിശോധന നടത്തി വരുന്നു.