മെക്സിക്കോ സിറ്റി: മെക്സിക്കൻ സംസ്ഥാനമായ സകാറ്റെകാസിൽ നിർത്തിയിട്ട കാറിൽ നിന്നും പത്ത് മൃതദേഹങ്ങൾ പോലീസ് കണ്ടെടുത്തു. വ്യാഴാഴ്ച്ച പുലർച്ചെയോടെ ലോക്കൽ സ്റ്റേറ്റ് ഗവർണർ ഓഫീസിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വാഹനം കണ്ടെത്തിയത്. സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ലോക്കൽ സ്റ്റേറ്റ് ഗവർണ്ണർ ഡേവിഡ് മോർണിയൽ അറിയിച്ചു. മൃതദേഹങ്ങൾ ഓഫീസ് സമുച്ചയത്തിന് മുൻപിൽ ഉപേക്ഷിച്ച് കടന്നുകളയാനായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്നും ഇരകൾ അതിക്രൂരമായി മർദ്ദിക്കപ്പെട്ടിട്ടുണ്ടെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
കുറച്ചകുറച്ചായി സമാധാനം തിരിച്ചുപിടിക്കും. തങ്ങൾക്ക് ലഭിച്ചത് ശപിക്കപ്പെട്ട പാരമ്പര്യമാണെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. പ്രാദേശിക അന്വേഷണത്തെ സഹായിക്കാൻ വേണ്ട നടപടികൾ ഉറപ്പാക്കുമെന്ന് മെക്സിക്കൻ സുരക്ഷാ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. മെക്സിക്കോയിൽ കുറ്റകൃത്യങ്ങളുടേയും കൊലപാതകങ്ങളുടെയും എണ്ണം അടുത്ത കാലത്തായി വലിയ തോതിൽ വർധിച്ചുവരികയാണ്. സകാറ്റെകാസിൽ മയക്കുമരുന്ന് സംഘങ്ങൾ ചേരി തിരിഞ്ഞ് ആക്രമണങ്ങൾ നടത്തുക പതിവാണ്. ഇത്തരം കലാപങ്ങളിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുകയാണ് മയക്കുമരുന്ന് സംഘങ്ങൾ ചെയ്യുന്നത്.