കൊച്ചി∙ ഏഴു കിലോയോളം കഞ്ചാവുമായി രണ്ടു പേർ ആലുവയിൽ പൊലീസ് പിടിയിൽ. ചൂണ്ടി ചങ്ങനം കുഴിയിൽ മണികണ്ഠൻ (ബിലാൽ–30), ചൂണ്ടി പുറത്തും മുറിയിൽ പ്രദീഷ് (36) എന്നിവരെയാണ് ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് അണ്ടിക്കമ്പനി ഭാഗത്തുനിന്നു സാഹസികമായി പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഒഡീഷയിലെ വിജയനഗരത്തിലെ ഉൾവനത്തിൽനിന്നും പ്രത്യേക ഏജന്റ് വഴിയാണ് ഇവർ കഞ്ചാവ് വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കിലോയ്ക്ക് മൂവായിരം രൂപയ്ക്ക് വാങ്ങി പതിനയ്യായിരം രൂപയ്ക്കാണ് വിൽപന. ചെറിയ പൊതികളാക്കിയാണ് കച്ചവടം. മണികണ്ഠൻ 2018ൽ ആലുവയിൽ നടന്ന കൊലക്കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. പത്ത് കിലോ കഞ്ചാവ് പാലക്കാട് പിടികൂടിയ കേസിലെ പ്രതിയാണ് പ്രദീഷ്.
ഡിവൈഎസ്പിമാരായ പി.പി.ഷംസ്, എം.കെ.മുരളി, ഇൻസ്പെക്ടർ എ.എൻ.ഷാജു, സബ് ഇൻസ്പെക്ടർ കെ.നന്ദകുമാർ. എഎസ്ഐമാരായ കെ.എ.നൗഷാദ്, കെ.ബി.സജീവ്, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ.എം.മനോജ്, കെ.സേവ്യർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.