കൊല്ലം : പുതുവത്സരാഘോഷത്തിനായി ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന രണ്ടുകോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പത്തനാപുരത്ത് അറസ്റ്റില്‍. ആന്ധ്ര വിശാഖപട്ടണം സ്വദേശികളായ മുരല്ല ശ്രാവണ്‍കുമാര്‍ (27), രാമു (24) എന്നിവരെയാണ് കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും പത്തനാപുരം പോലീസും ചേര്‍ന്ന് പിടികൂടിയത്. പത്തനാപുരം കല്ലുംകടവ് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനുസമീപം വെള്ളിയാഴ്ച രണ്ടരയോടെയായിരുന്നു മയക്കുമരുന്ന് പിടികൂടിയത്. റൂറല്‍ എസ്.പി.ക്കുലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. ആന്ധ്രയില്‍ നിന്ന് തീവണ്ടിമാര്‍ഗം കായംകുളത്ത് എത്തിയ ഇരുവരും അവിടെ നിന്ന് ഓട്ടോവിളിച്ച് പുനലൂരിലേക്ക് വരികയായിരുന്നു. രണ്ട് പ്ലാസ്റ്റിക് കവറുകളിലാക്കി വസ്ത്രത്തില്‍ പൊതിഞ്ഞ് ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. 965 ഗ്രാം ഓയിലാണ് പിടിച്ചെടുത്തത്.
ജില്ലയുടെ കിഴക്കന്‍മേഖലയിലെ മൊത്തക്കച്ചവടക്കാര്‍ക്ക് വന്‍തോതില്‍ ലഹരിവസ്തുക്കള്‍ എത്തിച്ചുകൊടുക്കുന്നവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. വിശാഖപട്ടണത്തെ ലഹരിമാഫിയ സംഘത്തിലെ പ്രധാനിയാണ് രാമു. ഡാന്‍സാഫ് ടീം അംഗങ്ങളായ ഡിവൈ.എസ്.പി. ആര്‍.അശോക് കുമാര്‍, എസ്.ഐ. ബിജു പി.കോശി, പത്തനാപുരം എസ്.എച്ച്.ഒ. എസ്.ജയകൃഷ്ണന്‍, എസ്.ഐ.മാരായ രവീന്ദ്രന്‍ നായര്‍, മധുസൂദനന്‍ പിള്ള, രാജേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മയക്കുമരുന്നും പ്രതികളെയും പിടികൂടിയത്.