താമരശ്ശേരി : അന്താരാഷ്ട്ര വിപണിയിൽ കോടികളുടെ മൂല്യമുള്ള തിമിംഗിലവിസർജ്യം വിൽപ്പനയ്ക്കെത്തിച്ച രണ്ട് യുവാക്കൾ വനപാലകരുടെ പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടിൽ വീട്ടിൽ അജ്മൽ റോഷൻ (29), നീലേശ്വരം മഠത്തിൽവീട്ടിൽ എം. സഹൽ (27) എന്നിവരെയാണ് കോഴിക്കോട് എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് പരിസരത്ത് തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട് ഫോറസ്റ്റ് ഫ്ളയിങ് സ്‌ക്വാഡും താമരശ്ശേരി ആർ.എഫ്.ഒയുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. പതിനാറോളം കഷ്ണങ്ങളാക്കിയ നിലയിൽ 4.328 കിലോഗ്രാം തൂക്കമുള്ള തിമിംഗില വിസർജ്യം, പ്രതികൾ സഞ്ചരിച്ച കെ.എൽ.57 ഡബ്ല്യു 3700 നമ്പർ കാർ തുടങ്ങിയവ കസ്റ്റഡിയിലെടുത്തു. ഇൻഡൊനീഷ്യയിൽ നിന്നെത്തിച്ചതെന്ന് പറയുന്ന തിമിംഗില വിസർജ്യം കിലോയ്ക്ക് 55 ലക്ഷം രൂപ നിരക്കിൽ വിൽപ്പന നടത്താനായിരുന്നു പ്രതികൾ പദ്ധതിയിട്ടതെന്ന് താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ് കുമാർ അറിയിച്ചു.
ഫ്ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. കെ.കെ. സുനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. വൈകീട്ട് നാലരയോടെ ആവശ്യക്കാരെന്ന വ്യാജേനയെത്തിയ വനപാലകർ അജ്മൽ റോഷനെ ആദ്യം തിമിംഗില വിസർജ്യവുമായി കസ്റ്റഡിയിലെടുത്തു. അജ്മൽ പിടിയിലായത് കണ്ട് വന്ന കാറിൽ കടന്നുകളയാൻ ശ്രമിച്ച സഹലിനെ വനപാലകർ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംഘത്തിലെ കൂട്ടുപ്രതികൾക്കായി വനപാലകർ അന്വേഷണമാരംഭിച്ചു. ഫോറസ്റ്റ് ഫ്ളയിങ് സ്‌ക്വാഡ് ആർ.എഫ്.ഒ. പി. പ്രഭാകരൻ, താമരശ്ശേരി ആർ.എഫ്.ഒ. എം.കെ. രാജീവ് കുമാർ, ഫ്ളയിങ് സ്‌ക്വാഡ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എബിൻ, ബി.എഫ്.ഒമാരായ ആസിഫ്, ദേവാനന്ദ്, മുഹമ്മദ് അസ്ലം, ജഗദീഷ്, സനോജ്, ശ്രീനാഥ്, ഡ്രൈവർമാരായ പി. ജിതേഷ്, പ്രസാദ്, ജിതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വൈദ്യപരിശോധനയ്ക്ക് ശേഷം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) യിൽ ഹാജരാക്കിയ പ്രതികളെ പിന്നീട് വടകര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
വംശനാശഭീഷണി നേരിടുന്ന എണ്ണത്തിമിംഗിലങ്ങളുടെ കുടലിൽനിന്ന് ദഹനപ്രക്രിയയുമായി ബന്ധപ്പെട്ട് പുറന്തള്ളുന്ന തിമിംഗിലവിസർജ്യം സുഗന്ധദ്രവ്യനിർമാണത്തിനും അപൂർവ ഔഷധക്കൂട്ടായും ഉപയോഗിച്ചുവരുന്നുണ്ട്. പെർഫ്യൂമുകളിലെ സുഗന്ധം കൂടുതൽ നേരം നിലനിർത്താൻ സഹായിക്കുന്ന പ്രകൃതിദത്ത പശയെന്ന നിലയിൽ സുഗന്ധദ്രവ്യവിപണിയിൽ ഉയർന്ന മൂല്യമുള്ള ഇവയെ ‘ഒഴുകുന്ന സ്വർണ’മായും ‘കടലിലെ നിധി’യായും വിശേഷിപ്പിക്കാറുണ്ട്. തിമിംഗിലവിസർജ്യത്തിന്റെ സംഭരണവും വിൽപ്പനയും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ രണ്ടു പ്രകാരം കുറ്റകരമാണ്.