ആലപ്പുഴ: രണ്ടു കിലോ കഞ്ചാവുമായി കായംകുളത്ത് നാട്ടുകാര്‍ യുവാക്കളെ പിടികൂടിയ സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബൈക്ക് അപകടത്തില്‍പ്പെട്ടതിന് തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇന്നലെ രാവിലെ കായംകുളം കെ പി റോഡിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. അമിത വേഗതയില്‍ ചീറിപ്പാഞ്ഞുവന്ന ബൈക്ക് അപകടത്തില്‍പ്പെടുന്നു. തൊട്ടുപിറകെ ബൈക്ക് യാത്രക്കാര്‍ ഓടിരക്ഷപ്പെടുന്നു. സംഭവം പന്തിയല്ലെന്ന് മനസ്സിലാക്കിയ നാട്ടുകാര്‍ ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
റാന്നി വടക്കേടത്ത് വീട്ടിൽ അതുൽ ,വള്ളികുന്നംകടുവിനാൽ എം.എം കോളനിയിൽ നസീർ എന്നിവരാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത് . പൊലീസ് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും രണ്ടു കിലോ കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റ് മൂന്ന് പ്രതികൾ കൂടി പിടിയിലായി. പ്രതികള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
അതേസമയം വാളയാറിൽ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് വാളയാർ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഹാഷിഷ് ഓയിൽ പിടികൂടിയത്. മലപ്പുറം ആലങ്കോട് കോക്കൂർ സ്വദേശി, വിഷ്ണുവാണ് ലഹരി മരുന്നുമായി പിടിയിലായത്. 1.8 കിലോ ഹാഷിഷ് ഓയിൽ ഇയാളിൽ നിന്ന് കണ്ടെടുത്തു. രണ്ട് കോടി രൂപ വില വരുന്നതാണ് ഹാഷിഷ് ഓയിൽ.
ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ഹോട്ടലിൽ ജീവനക്കാരനാണ് വിഷ്ണു. തൃശ്ശൂരിലെ സുഹൃത്തിന് നൽകാൻ ഹാഷിഷ് ഓയിൽ വാങ്ങിയെന്നാണ് ഇയാൾ എക്സൈസിന് നൽകിയ മൊഴി. ബെംഗളൂരുവിൽ നിന്നും എറണാകുളത്തേക്കുള്ള ബസ്സിൽ തൃശ്ശൂരിൽ ഇറങ്ങാനായിരുന്നു പ്രതിയുടെ പദ്ധതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിഷ്ണു സൂചിപ്പിച്ച തൃശ്ശൂരിലെ സുഹൃത്തിനെ കുറിച്ചും എക്സൈസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പാലക്കാട് ജില്ലയിൽ വലിയ അളവിൽ ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിലാകുന്നത്.