ലണ്ടൻ : യു.കെ.യുടെ പുതുവർഷ ബഹുമതി പട്ടികയിൽ ഇടം നേടി ഇന്ത്യൻ വംശജനായ റെസ്റ്റൊറന്റ് ഉടമ. കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട കാലം മുതൽ രണ്ട് ലക്ഷത്തിലധികം ഭക്ഷണപൊതികളാണ് അമൃത്പാൽ സിങ് മാൻ എന്ന ജീവകാരുണ്യപ്രവർത്തകൻ വിതരണം ചെയ്തത്. ബ്രിട്ടീഷ് രാജകുടുംബം വിതരണം ചെയ്യുന്ന രണ്ടാമത്തെ വലിയ ബഹുമതിയായ ഒ.ബി.ഇ.(ഓഫീസർ ഓഫ് ദി ഓഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ) ബഹുമതിയാണ് അമൃത്പാലിന്റെ കരുണ വറ്റാത്ത സേവനത്തിന് തേടിയെത്തിയത്. കോവിഡ് കാലം തുടങ്ങയതിൽപ്പിന്നെ ഏകദേശം 100 കോടി രൂപയ്ക്കുമേൽ വില വരുന്ന 2 ലക്ഷത്തിൽ പരം ഭക്ഷണപ്പൊതികളാണ് അദ്ദേഹം ആവശ്യക്കാർക്ക് എത്തിച്ച് നൽകിയത്. യു.കെ.യിൽ അമൃത് മാൻ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒട്ടേറെ കാരുണ്യപ്രവർത്തികളാണ് നടക്കുന്നത്.
ജീവകാരുണ്യപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന സംഘടനകളുമായി ചേർന്ന് വീടില്ലാത്തവർ, സേനാംഗങ്ങൾ, പാരമ്പര്യം, കലകൾ എന്നിവയുമായി ബന്ധപ്പെട്ട സംഘടനകളിലും വർഷങ്ങളായി പ്രവർത്തിച്ചുവരുന്നു. ലണ്ടനിലെ കോവെന്റ് ഗാർഡനിൽ പ്രവർത്തിക്കുന്ന പഞ്ചാബ് റെസ്റ്റൊറന്റിന്റെ മാനേജിങ് ഡയറക്ടറാണ് അമൃത്പാൽ. 1946-ൽ അദ്ദേഹത്തിന്റെ മുതുമുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ റെസ്റ്റൊറന്റ്. യു.കെ.യിലെ ആദ്യത്തെ പഞ്ചാബ് റെസ്റ്റൊറന്റ് കൂടിയാണിത്. ഇതിനു പുറമെ നിയമവിദഗ്ധൻ എന്ന നിലയിൽ നൂറുകണക്കിന് ആളുകൾക്ക് സൗജന്യമായി നിയമപരവും ബിസിനസ് പരവുമായ ഉപദേശങ്ങളും നൽകി വരുന്നു. കലയോടുള്ള വ്യക്തിപരമായ താത്പര്യം മുൻനിർത്തി ബ്രിട്ടീഷ് പഞ്ചാബി കലാകാരന്മാരെ സഹായിക്കുന്നതിന് ഒരു സാമൂഹിക സംരംഭത്തിനും തുടക്കം കുറിച്ചു. അണ്ടർ വൺ സ്കൈ, ദ സെവൻ ഡയൽസ് ട്രസ്റ്റ്, ഖൽസ അക്കാദമീസ് ട്രസ്റ്റ്, ജ ഷരൺ പ്രോജക്ട് എന്നീ സംഘടനകളുമായി ചേർന്നും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
ബഹുമതി സംബന്ധിച്ച് ഇമെയിലൂടെ അറിയിപ്പ് ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്നും വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും അമൃത്പാൽ പറഞ്ഞു. ജീവകാരുണ്യത്തിനും സമൂഹത്തിമുമുള്ള സേവനങ്ങൾക്ക് ഈ ഈ ബഹുമതി ലഭിച്ചത് എന്നെ കൂടുതൽ വിനയാന്വിതനാക്കുന്നു. സമൂഹത്തിന് വേണ്ടിയുള്ള സേവനം, നിസ്വാർത്ഥമായ സേവനം എന്നിവ ഞങ്ങളുടെ കുടുംബ ബിസിനസിന്റെ തുടക്കകാലം മുതൽക്കേ ഉള്ളതാണ്. ഈ ബഹുമതി എനിക്ക് വേണ്ടി മാത്രമല്ല സ്വീകരിക്കുന്നത്, മറിച്ച് വലിയ ത്യാഗങ്ങൾ സഹിക്കുകയും അവസരങ്ങൾ സ്വീകരിക്കുകയും എനിക്ക് അവരുടെ ആത്മാവിനെ പങ്കുവെച്ച് നൽകുകയും ചെയ്ത എനിക്ക് മുമ്പ് വന്ന തലമുറകൾക്കുവേണ്ടി ഞാൻ സ്വീകരിക്കുന്നു-അദ്ദേഹം പറഞ്ഞു.