തിരുവനന്തപുരം : 2026 ഓടെ പുതിയതായി കേരളം ലക്ഷ്യമിടുന്നത് 15,000 സ്റ്റാർട്ടപ്പുകളും രണ്ടു ലക്ഷം തൊഴിലുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഒരു സ്റ്റാർട്ടപ്പ് പാർക്ക്, ഇന്നൊവേഷൻ ടെക്‌നോളജി ലാബുകൾ, ഇൻകുബേറ്ററുകൾ എന്നിവ സ്ഥാപിക്കുന്നത് പരിഗണനയിലാണ്. കേരള സ്റ്റാർട്ടപ്പ് മിഷൻ ഹർഡിൽ ഗ്ലോബൽ 2022 കോൺഫറൻസ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ആറു വർഷത്തിനിടെ 2300 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിലെ സ്റ്റാർട്ടപ്പുകൾ ആകർഷിച്ചത്.
2020-21ൽ മാത്രം 1900 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. 2016ൽ കേരളത്തിൽ 300 സ്റ്റാർട്ടപ്പുകളായിരുന്നെങ്കിൽ 2021ൽ എണ്ണം 3900 ആയതായി മുഖ്യമന്ത്രി പറഞ്ഞു. 35000 പേർ ഇപ്പോൾ സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യുന്നു. ഗൂഗിൾ, ഹാബിറ്റാറ്റ്, ജെട്രോ, നാസ്‌കോം, ഗ്‌ളോബൽ ആക്‌സിലറേറ്റർ നെറ്റ്‌വർക്ക് തുടങ്ങിയ സ്ഥാപനങ്ങളും ഏജൻസികളുമായുള്ള കരാറുകളും എം. ഒ. യുകളും കേരളത്തിലെ സ്റ്റാർട്ടപ്പ് പരിതസ്ഥിതിയെ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചിയിൽ മലയാളികളുടെ സാരഥ്യത്തിൽ ആദ്യത്തെ യൂണികോൺ കമ്പനി ഓപ്പൺ ഫിനാൻഷ്യൽ ടെക്‌നോളജീസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇതിലൂടെ 200 കോടി രൂപയുടെ നിക്ഷേപം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലു ലക്ഷം ചതുരശ്ര അടിയുള്ള കൊച്ചിയിലെ ടെക്‌നോളജി ഇന്നൊവേഷൻ സോൺ തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇടമാണ്. ഇതിനു സമാനമായി എമർജിങ് ടെക്‌നോളജി കേന്ദ്രീകൃതമായ ഒരു കാമ്പസ് തിരുവനന്തപുരത്ത് ആലോചിക്കുന്നുണ്ട്. സ്റ്റാർട്ടപ്പുകൾക്കായി അഞ്ചുലക്ഷം ചതുരശ്ര അടി ഇൻകുബേഷൻ സൗകര്യം കേരളത്തിൽ ലഭ്യമാണ്. കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് ഐ. ടി പാർക്കുകളെയും സ്റ്റാർട്ട്പ്പുകളെയും ബന്ധിപ്പിച്ച് നോളജ് ചെയിൻ സൃഷ്ടിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.