രാമപുരം: വീട്ടിൽ ഉറങ്ങുകയായിരുന്ന മധ്യവയസ്കയുടെ വളകൾ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്ത കേസിൽ ഇതര സംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. തമിഴ്നാട് തേനി ഉത്തമപാളയം സ്വദേശികളായ സന്തോഷ് (25), വേലൻ (32) എന്നിവരെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 28ന് പുലർച്ചെ നാലിനായിരുന്നു സംഭവം. വെളിയന്നൂർ പുതുവേലി ചോരക്കുഴി ഭാഗത്തുള്ള മധ്യവയസ്കയുടെ വീട്ടിലാണ് കവർച്ച നടത്തിയത്. അടുക്കളയുടെ വർക്ക് ഏരിയയുടെ ഗ്രില്ലിന്‍റെ താഴ് തകർത്താണ് അകത്തുകയറിയത്. 14 ഗ്രാമിന്‍റെ വളകൾ വയർ കട്ടർ ഉപയോഗിച്ച് മുറിച്ചെടുത്ത് രക്ഷപ്പെടുകയായിരുന്നു.
ജില്ല പൊലീസ് മേധാവി കെ. കാർത്തികിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റുണ്ടായത്. സന്തോഷ് തമിഴ്നാട്ടിൽ വിവിധ സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെ 60-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. രാമപുരം സ്റ്റേഷൻ എസ്.എച്ച്.ഒ ഉണ്ണികൃഷ്ണൻ, എസ്.ഐമാരായ മനോജ്, വിൽസൺ, ജോബി ജേക്കബ്, സി.പി.ഒമാരായ രഞ്ജിത്ത്, ജോഷി, ജോബി, ശ്യാം എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.