മലപ്പുറം: ജയിലിൽ വെച്ചുള്ള പരിചയത്തിന് പിന്നാലെ ഒന്നിച്ച് മോഷണം തുടങ്ങിയ രണ്ട് പേർ പിടിയിൽ. മലപ്പുറം ജില്ലയ്ക്കകത്തും പുറത്തുമായി വിവിധ മോഷണ കേസുകളിലെ പ്രതിയായ ബത്തേരി പഴേരി സ്വദേശി നായക്കൻമാർകുന്നത്ത് ബഷീർ (49), കോഴിക്കോട് ഫറോക്ക് സ്വദേശി തോട്ടുപാടം മുനീർ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രികൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരും പിടിയിലായത്.
പെരിന്തൽമണ്ണയിലെ വിവിധ ആശുപത്രികളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മൊബൈൽ ഫോണുകളും പണവും മോഷണം പോവുന്നതായി പരാതി ലഭിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബഷീറിനെ മഞ്ചേരിയിൽ വച്ച് കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോണുകൾ മോഷ്ടിച്ചെന്നും രണ്ടാം പ്രതി മുനീറിന് കൈമാറി വിൽപന നടത്തിയയെന്നും ബഷീർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
ഫോണുകൾ രാമനാട്ടുകരയിലെ മൊബൈൽ ഷോപ്പിലാണ് വിറ്റത്. കിട്ടിയ പണം രണ്ടുപേരും വീതിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജയിലിൽ ഒരുമിച്ചുണ്ടായിരുന്ന ഇരുവരും അവിടെ വച്ചാണ് പരിചയപ്പെടുന്നത്. ഈ മാസം ആദ്യമാണ് ബഷീർ ജയിലിൽനിന്ന് ഇറങ്ങിയത്. മുനീർ താനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈലും പണവും മോഷ്ടിച്ച കേസില്‍ ജയിൽശിക്ഷ കഴിഞ്ഞ് ഒരാഴ്ച മുൻപാണ് പുറത്തിറങ്ങിയത്. സിഐ എം എസ് രാജീവ്, എസ്‌ഐ ഷിജോ സി തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.