തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിൽ രണ്ടു പേർക്ക് കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ ഇതുവരെ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഈ മാസം കോളറ സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി ഉയർന്നു.
തിരുവനന്തപുരം നെയ്യാറ്റിൻകരയിലുള്ള സ്വകാര്യകെയർ ഹോമിലെ 11 വയസ്സുകാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. കുട്ടി എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേ കെയർഹോമിലെ 14 കുട്ടികൾക്ക് കൂടി ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പാറശ്ശാല, നേമം എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
നേരത്തേ ഇതേ ഹോസ്റ്റലിലെ അന്തേവാസിയായ ഇരുപത്താറുകാരൻ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പതിനൊന്നുകാരന് കോളറ സ്ഥിരീകരിച്ചത്. എന്നാൽ ഇരുപത്താറുകാരന് കോളറ സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്‍റെ സ്രവ സാമ്പ്ള്‍ പരിശോധിക്കാൻ സാധിച്ചിരുന്നില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.
കെയര്‍ ഹോമിലുള്ള ചിലര്‍ വീടുകളില്‍ പോയതിനാല്‍ അവരെ കണ്ടെത്തി നിരീക്ഷിക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം. ഇവര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സാമ്പിളുകള്‍ പരിശോധിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും.
ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ബാക്ടീരിയ ശരീരത്തിലെത്തുന്നത്.
കഴിഞ്ഞ ആറ് മാസത്തിനിടെ ഒമ്പതു പേർക്കാണ് സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചത്. 2017ലാണ് സംസ്ഥാനത്ത് അവസാനമായി കോളറ മരണം റിപ്പോര്‍ട്ട് ചെയ്തത്. വയറിളക്കവും ഛർദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ.