കൊച്ചി: സംസ്ഥാനത്ത് വീണ്ടും രണ്ടിടത്ത് വാഹനാപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. കൊച്ചി- ധനുഷ് കോടി ദേശീയപാതയിലും തൃശ്ശൂർ നാട്ടികയിലും ഉണ്ടായ അപകടത്തിലാണ് രണ്ട് യുവാക്കളുടെ ജീവൻ പൊലിഞ്ഞത്. കൊച്ചി- ധനുഷ് കോടി ദേശീയപാതയിൽ കോതമംഗലം കുത്തുകുഴിക്കു സമീപം വാഹനാപകടത്തിലാണ് ഒരാൾ മരിച്ചത്. മുളവൂർ സ്വദേശി ബേസിൽ ജോയി (27) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
കാറും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും കാനയിൽ വീണു. ദേശീയപാതയിൽ നവീകരണ ജോലിയുടെ ഭാഗമായി നിർമ്മിക്കുന്ന കാനയിലേക്കാണ് വാഹനങ്ങൾ പതിച്ചത്. നാട്ടികയിൽ ബൈക്കും ലോറിയും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവാണ് മരിച്ചത്. നാട്ടിക ബീച്ച് സ്വദേശി ആറുകുറ്റി വീട്ടിൽ മിഥുൻ (26) ആണ് മരിച്ചത്. വലപ്പാട് കുരിശ് പള്ളിക്ക് സമീപം ബൈക്കും ലോറിയും കുട്ടിയിടിച്ച് ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. തൃശൂർ അശ്വിനി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം
രാവിലെ കണ്ണൂരിൽ ബൈക്ക് അപകടത്തിൽ ഒരു യുവാവ് മരിച്ചിരുന്നു. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ നോര്‍ത്ത് കക്കാടന്‍ ചാലിലെ എബിൻ കെ ജോണാണ് മരിച്ചത്. 23 വയസായിരുന്നു പ്രായം. ഇന്ന് പുലര്‍ച്ചെ തെയ്യം കണ്ട് മടങ്ങവേയാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ പുതിയങ്ങാടിയിലെ വീട്ടുമതിലിലാണ് എബിൻ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചത്. ശബ്ദം കേട്ട് ഉണര്‍ന്ന നാട്ടുകാര്‍ അപകട സ്ഥലത്ത് എത്തിയെങ്കിലും എബിൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. കൂടെ ബൈക്കില്‍ സഞ്ചരിച്ച സുഹൃത്ത് ആകാശ് (21) നെ നാട്ടുകാര്‍ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആകാശ് ഇപ്പോൾ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.