കുവൈത്ത് സിറ്റി : കുവൈത്തില്‍ സാൽമിയ മേഖലയിൽ പ്രാദേശികമായി മദ്യം നിര്‍മ്മിച്ച രണ്ട് വിദേശ പൗരന്മാരെ ഹവല്ലി പോലീസ് പിടികൂടി. ഇവരുടെ പക്കല്‍ നിന്നും 126 കുപ്പി നാടൻ മദ്യവും ആയിരം ദിനാറും പിടിച്ചെടുത്തു. സാൽമിയ പ്രദേശത്ത് ഉച്ചയ്ക്ക് ശേഷം ചിലര്‍ കറുത്ത ബാഗുകൾ ഒരു വാഹനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നത് പോലീസ് പട്രോളിംഗ് സംഘം കണ്ടു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോൾ അവർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. രണ്ടുപേരും പ്രവാസികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗുകൾ പരിശോധിച്ചപ്പോൾ അവയില്‍ 126 കുപ്പി മദ്യവും ആയിരം ദിനാറും കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ അപ്പാർട്ട്‌മെന്റിൽ നാടൻ മദ്യം ഉൽപ്പാദിപ്പിച്ച് ഉപഭോക്താക്കൾക്ക് വിൽപന നടത്തിയിരുന്നതായി വ്യക്തമായത്. അറസ്റ്റിലായ സമയത്ത് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി ഇവർ മദ്യം കടത്തുകയായിരുന്നു. പിടിച്ചെടുത്ത തുക മദ്യ വിൽപ്പനയിലൂടെ ലഭിച്ചതാണെന്നും വ്യക്തമായി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.



















