തൃശ്ശൂർ: റെയിൽവെ സ്റ്റേഷൻ പരിസരത്തുനിന്നും യുവാക്കളെ ആക്രമിച്ച് മൂന്നു കിലോഗ്രാം സ്വർണ്ണം കവർച്ച ചെയ്ത കേസിൽ രണ്ടുപേര്‍ അറസ്റ്റിൽ. സ്വർണ്ണാഭരണ നിർമ്മാണ ശാലയിലെ മുൻ ജീവനക്കാരനിൽ നിന്ന് ക്വട്ടേഷൻ ഏറ്റെടുക്കുകയും കവർച്ച ആസൂത്രണം ചെയ്യുകയും ചെയ്ത യുവാക്കളാണ് അറസ്റ്റിലായത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോക് ഐപിഎസിന്റെ നേതൃത്വത്തിലുള്ള തൃശ്ശൂർ സിറ്റി ഷാഡോ പൊലീസും തൃശ്ശൂർ ടൗൺ ഈസ്റ്റ് പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. തൃശ്ശൂർ ചാലക്കുടി കാടുകുറ്റി സ്വദേശികളായ നിരവധി തട്ടിക്കൊണ്ടുപോകൽ കേസിലും, സ്വർണ്ണകവർച്ച കേസിലും പ്രതിയായ പുളിക്കൻ വീട്ടിൽ ജെഫിൻ (33), ഇയാളുടെ കൂട്ടാളിയായ കാച്ചപ്പള്ളി വീട്ടിൽ ലിജോ (25) എന്നിവരാണ് തൃശ്ശൂർ സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ സെപറ്റംബർ എട്ടാം തിയ്യതി രാത്രിയായിരുന്നു സംഭവം. തൃശ്ശൂരിൽ നിർമ്മിച്ച സ്വർണ്ണാഭരണങ്ങൾ തമിഴ് നാട് മാർത്താണ്ഡത്തേക്ക് കൊണ്ടുപോകാനായി ട്രെയിൻ കയറാൻ വരുന്ന സമയത്ത് ചെറുപ്പക്കാരെ ആക്രമിച്ച് മൂന്നു കിലോഗ്രാമോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ കവരുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒളിവുസങ്കേതത്തിൽ നിന്നാണ് നിരവധി കേസുകളിലെ പ്രതിയായ ജെഫിൻ, ഇയാളുടെ കൂട്ടാളിയായ ലിജോ എന്നിവർ അറസ്റ്റിലാകുന്നത്.