തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെ ആറ്റിങ്ങൽ മാമത്ത് പെട്രോൾ പമ്പിന് സമീപത്ത് വച്ച് കെഎസ്ആർടിഎസ് ബസ്സിന് നേരെ കല്ലെറിഞ്ഞ സംഭത്തിലെ പ്രതികൾ പിടിയിൽ. ആറ്റിങ്ങൽ കോരാണി 18 മൈൽ സ്വദേശികളായ മുഹമ്മദ് അസ്സലാം (20), മുഹമ്മദ് തൗഫീഖ് (19) എന്നിവരാണ് പിടിയിലായത്. ഇരുചക്ര വാഹനത്തിൽ എത്തിയ പ്രതികൾ മാമം പെട്രോൾ പമ്പിന് സമീപത്ത് വെച്ച് കെഎസ്ആർടിസി ബസ്സിന് നേരെ കല്ലെറിയുകയായിരുന്നു.
കല്ലേറിൽ ബസ്സിന്റെ മുൻവശത്തെ ഗ്ലാസ് പൂർണമായും തകർന്നിരുന്നു. തകർന്ന ഗ്ലാസ് ചില്ലുകൾ ദേഹത്ത് തറച്ച് ഡ്രൈവര്‍ക്ക് പരിക്കും പറ്റിയിരുന്നു. പൊലീസ് എത്തിയപ്പോഴേക്കും മാമം പാലത്തിനു താഴേ ഭാഗത്തേക്ക് പ്രതികൾ കടന്നു കളഞ്ഞു. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു അന്വേഷണം നടത്തി വരവേയാണ് പ്രതികള്‍ പിടിയിലായത്.
ആറ്റിങ്ങൽ സി ഐ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ മാമം ഭാഗത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ സജീവ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പോപ്പുലർ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 309 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1406 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. 834 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുമുണ്ട്.
അതിനിടെ ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് നഷ്ട പരിഹാരം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയിട്ടുണ്ട്. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതുടര്‍ന്നുണ്ടായ അക്രമത്തില്‍ 58 ബസുകളാണ് സംസ്ഥാനത്തുടനീളം തകർക്കപ്പെട്ടത്. വിവിധയിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 10 ജീവനക്കാർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് കക്ഷി ചേരാൻ കെഎസ്ആര്‍ടിസി ഹർജി നൽകിയത്.












