തൊടുപുഴ: കൈക്കൂലി കേസിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ കോടതി വെറുതെ വിട്ടു. 25000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കുമളി കാര്‍ഡമംസെറ്റില്‍മെന്‍റ് ഓഫീസിലെ ഡെപ്യൂട്ടി തഹസിൽദാർ ജാഫർ ഖാന്‍, ഡെപ്യൂട്ടി കളക്ടർ ഷാനവാസ് ഖാൻ എന്നിവരെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി വെറുതെ വിട്ടത്.
പരാതിക്കാരനായ പാലാ സ്വദേശി സെബാസ്റ്റ്യനിൽ നിന്നും പാട്ട ഭൂമി മക്കളുടെ പേരിലേക്ക് മാറ്റുന്നതിന് ഏക്കറിന് 10000 രൂപ വീതം കൈക്കൂലി വാങ്ങിയ കേസിലാണ് ഇരുവരും അറസ്റ്റിലായത്. കൈക്കൂലി ആവശ്യപ്പെട്ടെന്ന് സെബാസ്റ്റ്യൻ വിജിലൻസിന് പരാതി നൽകിയിരുന്നു. പിന്നാലെ വിജിലൻസ് കെണിയൊരുക്കി. 25000 രൂപ ആദ്യ ഗഡു കൈക്കൂലിയായി കൈപ്പറ്റിയതിന് പിന്നാലെയാണ് രണ്ട് ഉദ്യോഗസ്ഥരെയും അറസ്റ്റ് ചെയ്തത്. 2013 ഏപ്രിൽ 30 നായിരുന്നു സംഭവം. കേസിൽ പരാതിക്കാരനടക്കം 20 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്തിൽ രണ്ട് പ്രതികളെയും കുറ്റവിമുക്തരാക്കുകയായിരുന്നു.
അതിനിടെ തൃശ്ശൂരിൽ ഇന്ന് പിടിയിലായ തൃശ്ശൂർ മെഡിക്കൽ കോളേജിലെ എല്ല് രോഗ വിദഗ്ദ്ധൻ ഡോ ഷെറി ഐസകിന്റെ വീട്ടിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തി. 2000 മുതൽ 100 വരെയുള്ള വിവിധ കറൻസികളുടെ കെട്ടുകണക്കിന് നോട്ടുകളാണ് പിടികൂടിയത്. ഇന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ശേഷം പൊലീസും വിജിലൻസും ചേർന്ന് പ്രതിയുടെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് നോട്ട് കെട്ടുകളുടെ കൂമ്പാരം കണ്ടെത്തിയത്.
ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. പാലക്കാട് സ്വദേശിയായ പരാതിക്കാരൻ ഭാര്യയുടെ ശസ്ത്രക്രിയ നടത്താൻ 3000 രൂപ ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്ന് വിജിലൻസിന് പരാതി നൽകിയിരുന്നു. പണം താൻ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാനായിരുന്നു ഡോക്ടർ നിർദ്ദേശിച്ചത്. ശസ്ത്രക്രിയക്ക് തീയതി കുറിച്ച് നൽകാതെ നിരവധി തവണ രോഗിയുടെ കുടുംബത്തെ ഡോക്ടർ നടത്തിച്ചിരുന്നു.
രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് വിജിലൻസ് പരാതിക്കാരന് കൊടുത്തയച്ചു. ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിയ പരാതിക്കാരൻ ഡോ ഷെറി ഐസകിന് പണം നൽകിയപ്പോൾ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി നേരത്തേ തന്നെ ഉയർന്നിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ വിജിലൻസിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടു. പിന്നാലെയാണ് വീട്ടിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് കണ്ടെത്തിയ നോട്ട് കെട്ടുകൾ കൈക്കൂലി പണമാണെന്ന് സംശയിക്കുന്നുണ്ട്. നിരവധി കവറുകളിൽ പണം ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം പലരിൽ നിന്ന് കൈക്കൂലിയായി വാങ്ങിയതാണെന്നാണ് സംശയം.