ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനീകര്‍ക്ക് വീരമൃത്യു. ഷോപ്പിയാനിലെ സെയ്നാപൊരയിലാണ് ഭീകരരും സുരക്ഷസേനയും തമ്മില്‍ വെടിവെപ്പ് ഉണ്ടായത്. രാവിലെ ഒരു ഭീകരനെ സുരക്ഷസേന വധിച്ചിരുന്നു. ഭീകരരെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ജമ്മു കശ്മീരിൽ കഴിഞ്ഞ ദിവസവും സൈന്യത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഷോപ്പിയാൻ സെക്ടറിൽ സുരക്ഷാ സേനയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ബന്ദിപ്പോരയിൽ സുരക്ഷ സേനക്ക് നേരെ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ഒരു പോലീസുകാരൻ മരിച്ചിരുന്നു. ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. സുരക്ഷ ജോലിക്കിടെയാണ് ആക്രമണം നടന്നത്. ഭീകരർക്കായി പ്രദേശത്ത് തെരച്ചിൽ നടക്കുകയാണ്.
ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം ജമ്മുകശ്മീരില്‍ പതിനൊന്ന് ഏറ്റുമുട്ടലുകളില്‍ നിന്നായി 21 ഭീകരരെ വധിക്കാൻ സൈന്യത്തിനായിട്ടുണ്ട്. ഇതില്‍ എട്ട് ഭീകരർ പാകിസ്ഥാൻ സ്വദേശികളായിരുന്നു. ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ പുല്‍വാമയിലും ബഡ്ഗാമിലും സൈന്യം കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സൈന്യം വധിച്ച ഭാകരരിൽ 2017 ലുണ്ടായ പല ബോംബ് സ്ഫോടനങ്ങളുടെയും മുഖ്യ സൂത്രധാരനും യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനിയുമാണ് കൊല്ലപ്പെട്ട സാഹിദ് വാനിയും ഉൾപ്പെടുന്നു. പുല്‍വാമയിലെ ജെയ്ഷെ മുഹമ്മദിന്‍റ കമാന്ററായാണ് സാഹിദ് വാനി പ്രവര്‍ത്തിച്ചിരുന്നത്. അഞ്ച് ഭീകരരില്‍ ഒരാള്‍ പാക്സ്ഥാന്‍ സ്വദേശിയാണെന്നും സൈന്യും തിരിച്ചറിഞ്ഞിട്ടുണ്ട്.