മുംബൈ: സങ്കീർണ്ണമായ രാഷ്ട്രീയ കരുനീക്കങ്ങൾക്ക് പേരുകേട്ട ശരദ്പവാറിനെ ഞെട്ടിച്ച് തന്റെ അനന്തരവനും എൻ.സി.പി നേതാവുമായ അജിത് പവാർ പാർട്ടിയെ പിളർത്തിയപ്പോൾ വിജയിച്ചത് ബി.ജെ.പിയുടെ തന്ത്രം. മഹാരാഷ്ട്രയിലെ വലിയ പ്രതിപക്ഷ മുന്നണികളെ പിളർത്തിയെടുത്ത് ദുർബലമാക്കാൻ അവർക്ക് വേണ്ടി വന്നത് വെറും 12 മാസം മാത്രമാണ്. 2022 ജൂൺ 29 നാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡിയെന്ന (എം.വി.എ) പ്രതിപക്ഷ സഖ്യം തകർത്ത് ശിവസേനയെ പിളർത്തി 40 എം എൽ എമാരുമായി ഏകനാഥ് ഷിൻഡെ ഇറങ്ങിപ്പോയത്. ഒരു വർഷം പിന്നിടും മുൻപ് എൻ.സി.പിയെയും അവർ പിളർത്തി തങ്ങൾക്കൊപ്പമെത്തിച്ചു. ശിവസേന, എൻ.സി.പി എന്ന മഹാരാഷ്ട്രയിലെ വലിയ രാഷ്ട്രീയ പാർട്ടികളാണ് ബി.ജെ.പിയുടെ കുതന്ത്രത്തിൽ ക്ഷയിച്ച് ദുർബലമായത്.
അജിത് പവാറും മറ്റ് എട്ടു പാർട്ടി നേതാക്കളുമാണ് ഇന്ന് മഹാരാഷ്ട്ര സർക്കാരിൽ ചേർന്നത്. പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്‌നാവിസുമായി അദ്ദേഹം പദവി പങ്കിടും.
അജിത് പവാർ, പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, ദിലീപ് വാൽസെ പാട്ടീൽ, ഹസൻ മുഷ്‌രിഫ്, രാംരാജെ നിംബാൽക്കർ, ധനഞ്ജയ് മുണ്ടെ, അദിതി തത്കരെ, സഞ്ജയ് ബൻസോഡെ, ധർമ്മരവ് ബാബ അത്രം. അനിൽ ഭായിദാസ് പാട്ടീൽ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഉടൻ ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ഫഡ്‌നാവിസ് പറഞ്ഞിരുന്നു. അടുത്തിടെ ഡൽഹിയിൽ ബി.ജെ.പി നേതാക്കളുമായി ഏകനാഥ് ഷിൻഡെ കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത് പവാർ ഒരു കൂട്ടം എൻ.സി.പി എം.എൽ.എമാരോടൊപ്പം ചേർന്നാൽ സർക്കാരിൽ നിന്ന് പുറത്തുപോകുമെന്ന് ഷിൻഡെ ഏപ്രിലിൽ മുന്നറിയിപ്പ് നൽകിയിരുന്നു.
ശരദ് പവാറിന്റെ മകളും എൻ.സി.പി നേതാവുമായ സുപ്രിയ സുലെയെ പാർട്ടി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തിയതിന് പിന്നാലെ, സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് അജിത് പവാർ തുറന്നടിച്ചിരുന്നു.
സംസ്ഥാന നിയമസഭയിൽ എൻ.സി.പിയുടെ ആകെയുള്ള 53 എം.എൽ.എമാരിൽ 40 പേരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് അജിത് പവാർ അവകാശപ്പെടുന്നതായി ബിജെപി വൃത്തങ്ങൾ അറിയിച്ചു. കൂറുമാറ്റ നിരോധന നിയമത്തിലെ വകുപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ അജിത് പവാറിന് 36-ലധികം എം.എൽ.എമാർ വേണം.
ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം എല്ലാ വിമത എം.എൽ.എമാരെയും അയോഗ്യരാക്കുന്നതിന് എൻ.സി.പിക്ക് ഇനിയും നീങ്ങാം. അടുത്തിടെയുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വിധി പ്രകാരം, യഥാർത്ഥ കക്ഷി ലയിക്കേണ്ടതുണ്ട്. ചിഹ്നത്തിന്റെ ഉത്തരവ് പ്രകാരം അജിത് പവാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് താനാണ് യഥാർഥ എൻ.സി.പിയാണെന്ന് തെളിയിക്കേണ്ടതുണ്ട്. അതുവരെ അജിത് പവാറും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എം.എൽ.എമാരും അയോഗ്യരാക്കേണ്ടി വരും.