കോയമ്പത്തൂർ: ആശുപത്രികളിൽ നിന്ന് ടൂവീലർ മോഷ്ടിച്ച കേസിൽ പ്രതിയായ എഞ്ചിനീയർ കോയമ്പത്തൂരിൽ അറസ്റ്റിൽ. കരൂർ സ്വദേശിയായ ഗൗതമിനെയാണ് സുലുർ പൊലീസ് അറസ്റ്റ് ചെയ്തത്. 12 ടൂവീലറുകൾ കണ്ടെടുത്തു. ഗൗതമിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഇലക്‌ട്രിക്കൽ എഞ്ചിനീയറായ ഗൗതം പല്ലടത്തും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളിലേക്ക് പ്രകൃതി വാതകം എത്തിക്കുന്നതിന് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാരിൽ നിന്ന് കരാർ എടുത്തിരുന്നു. 10 തൊഴിലാളികളെയാണ് ഇയാൾ ജോലിക്കായി നിയോഗിച്ചത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗൌതം വിവിധ ആശുപത്രികള്‍ക്ക് സമീപം പാർക്ക് ചെയ്തിരുന്ന നിരവധി ബൈക്കുകള്‍ മോഷ്ടിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ജി കെ എൻ എം ആശുപത്രി, കോയമ്പത്തൂർ സിറ്റി, സുലൂർ എന്നിവിടങ്ങളിലെ കെ എം സി എച്ച്, ഡിണ്ടിഗൽ – പളനി റോഡിലെയും ട്രിച്ചിയിലെയും സ്വകാര്യ ആശുപത്രികൾ എന്നിവയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളും ബൈക്കുകളുമാണ് ഇയാൾ മോഷ്ടിച്ചത്.
ആറ് ബൈക്കുകളും ആറ് സ്കൂട്ടറുകളും മോഷ്ടിച്ച ഗൌതം സേലം, ട്രിച്ചി, ധർമപുരി, ചെന്നൈ എന്നിവിടങ്ങളിലെ ആളുകൾക്ക് 10,000 മുതൽ 25,000 വരെ രൂപയ്ക്കാണ് വിറ്റത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാവിനെ കണ്ടുപിടിച്ചതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച 12 ഇരുചക്ര വാഹനങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സൂലൂർ പോലീസ് പരിധിയിൽ നിന്ന് മൂന്ന് മോട്ടോർ സൈക്കിളുകളും കോയമ്പത്തൂർ സിറ്റി പോലീസ് പരിധിയിൽ നിന്ന് അഞ്ചും ട്രിച്ചി പോലീസ് പരിധിയിൽ നിന്ന് രണ്ടും ഡിണ്ടിഗൽ, ഈറോഡ് ജില്ലാ പൊലീസ് പരിധിയിൽ നിന്ന് ഓരോ വാഹനങ്ങളുമാണ് ഗൗതം മോഷ്ടിച്ചത്.