ഗ്വാളിയോർ: രണ്ട് സ്ത്രീകളെ വിവാഹം ചെയ്ത യുവാവും ഭാര്യമാരും ആഴ്ചയിൽ മൂന്ന് ദിവസം ഓരോ ഭാര്യമാരോടൊപ്പം താമസിക്കാമെന്ന് കരാർ. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഏഴാം ദിവസം ഭർത്താവിന് ഇഷ്ടമുള്ള ഭാര്യയോടൊപ്പവും താമസിക്കാമെന്നും കരാറിൽ പറയുന്നു. ഗ്വാളിയോറിലെ കുടുംബ കോടതിയിലെ കേസാണ് മൂവരും പുറത്തുവെച്ച് ധാരണയിലായത്. എന്നാൽ ഹിന്ദുനിയമപ്രകാരം സംഭവം നിയമവിരുദ്ധമാണെന്ന് കൗൺസിലറും അഭിഭാഷകനുമായ ഹരീഷ് ദിവാൻ പറഞ്ഞു.
2018ലാണ് എൻജിനീയറായ യുവാവ് ആദ്യം വിവാഹിതനാകുന്നത്. കൊവിഡ് കാലത്ത് ജോലി ചെയ്യുന്ന ഗുരുഗ്രാമിലെ ഓഫിസിലെ സഹപ്രവർത്തകയുമായി അടുക്കുകയും അവരോടൊപ്പം താമസം തുടങ്ങുകയും ചെയ്തു. കൊവിഡ് സമയത്ത് ആദ്യഭാര്യയെ അവരുടെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് യുവാവ് ഗുരുഗ്രാമിൽ തങ്ങിയത്. ആദ്യ ഭാര്യയെ കൂടെക്കൂട്ടാൻ 2020 വരെ യുവാവ് മടങ്ങിവരാതിരുന്നപ്പോൾ യുവതി ഭർത്താവിനെ തേടി ഗുരുഗ്രാമിലെത്തി. അവിടെ എത്തിയപ്പോഴാണ് ഭർത്താവ് മറ്റൊരു സ്ത്രീയോടൊപ്പമാണ് താമസിക്കുന്നതന്നും ബന്ധത്തിൽ ഒരുകുട്ടിയുണ്ടന്നും മനസ്സിലാക്കുന്നത്. യുവാവിന്റെ രണ്ടാം വിവാഹത്തിന്റെ പേരിൽ യുവതി പരസ്യമായി വഴക്കിടുകയും ഓഫീസിൽ പ്രതിഷേധിക്കുകയും ചെയ്തു. തുടർന്നാണ് ഗ്വാളിയോറിലെ കുടുംബ കോടതിയെ സമീപിച്ചു.
പരാതിക്ക് പിന്നാലെ, ഭർത്താവിനെ ഗ്വാളിയോറിലേക്ക് വിളിപ്പിച്ചു. എന്നാൽ, രണ്ടാമത്തെ ഭാര്യയെ ഉപേക്ഷിക്കാൻ യുവാവ് തയ്യാറായില്ല. മൂവരെയും കൗൺസിലിങ് ചെയ്തെങ്കിലും വേർപിരിഞ്ഞ് താമസിക്കാൻ തയ്യാറായില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. പിന്നീടാണ്, മൂവരും കരാറിൽ ഏർപ്പെട്ടത്. കരാർ പ്രകാരം യുവാവ് ആഴ്ചയിൽ മൂന്ന് ദിവസം ഭാര്യയ്‌ക്കൊപ്പവും മറ്റൊരു മൂന്ന് ദിവസം താൻ വിവാഹം കഴിച്ചതായി അവകാശപ്പെടുന്ന സ്ത്രീയ്‌ക്കൊപ്പവും താമസിക്കാമെന്ന് സമ്മതിച്ചു. ഞായറാഴ്ച ഇഷ്ടമുള്ള സ്ത്രീക്കൊപ്പം ജീവിക്കാനും അനുവാദം നൽകി. ഇരുവർക്കും ഓരോ ഫ്ലാറ്റും നൽകി. കരാർ പ്രകാരം തന്റെ ശമ്പളം ഇരുവർക്കുമായി തുല്യമായി പങ്കിടാനും യുവാവ് സമ്മതിച്ചു.
അതേസമയം, കരാറിന് നിയമപരമായ സാധുതയില്ലെന്നും മൂന്ന് പേരും പരസ്പര സമ്മതത്തോടെയാണ് കരാറിലേർപ്പെട്ടതെന്നും കുടുംബ കോടതിക്കോ കൗൺസിലർക്കോ പങ്കില്ലെന്നും അഭിഭാഷകൻ പറഞ്ഞു. ഹിന്ദു നിയമമനുസരിച്ച്, അവർ തമ്മിലുള്ള ഈ കരാർ നിയമവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമപ്രകാരം, ഒരു ഹിന്ദു പുരുഷന് ആദ്യ ഭാര്യയെ നിയമപരമായി വിവാഹമോചനം ചെയ്യുന്നതുവരെ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ കഴിയില്ല.