വാളയാർ: കാറിൽ കടത്താൻ ശ്രമിച്ച 77 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ. അട്ടപ്പാടി താവളം പാടവയൽ സ്വദേശി സുരേഷ് കുമാർ (34), മുതലമട പോത്തംപാടം പെരിഞ്ചിറ വീട്ടിൽ ഇർഷാദ് (29) എന്നിവരാണ് പിടിയിലായത്. സ്വിഫ്റ്റ് കാറിൽ രഹസ്യ അറ നിർമിച്ചാണ് 77.786 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
വാളയാർ പൊലീസും പാലക്കാട് ജില്ല പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും ഉള്ളിൽ സൂക്ഷിച്ച ആന്ധ്ര രജിസ്ട്രേഷൻ വ്യാജ നമ്പർ പ്ലേറ്റും പിടിച്ചെടുത്തു. ആന്ധ്രയിൽനിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് തമിഴ്നാട് -കേരള അതിർത്തിയിൽ സൂക്ഷിച്ചശേഷം കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും മുമ്പും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും ശൃംഖലയെക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഗോവിന്ദാപുരം സംസ്ഥാന അതിർത്തിയിൽനിന്ന് പൊലീസ് 23 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഉത്സവ കാലം പ്രമാണിച്ച് സംസ്ഥാന അതിർത്തികളിൽ ലഹരിക്കടത്ത് തടയുന്നതിന് പരിശോധന ശക്തമാക്കിയതായി ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് പറഞ്ഞു.
പാലക്കാട് എ.എസ്.പി ഷാഹുൽ ഹമീദ്, നാർകോട്ടിക് സെൽ ഡിവൈ.എസ്.പി ആർ. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എച്ച്. ഹർഷാദ്, അഡീഷനൽ സബ് ഇൻസ്പെക്ടർ സുരേഷ് ബാബു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്, സുരേഷ് കുമാർ, സുഭാഷ്, സേവ്യർ സെൽവരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള വാളയാർ പൊലീസും ജില്ല പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.