അബുദാബി: യുഎഇയില്‍ ഏപ്രില്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നാഷണല്‍ ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം രാജ്യത്ത് അടുത്ത മാസം പെട്രോളിനും ഡീസലിനും വില കുറയും.
ഏപ്രില്‍ ഒന്നാം തീയ്യതി മുതല്‍ സൂപ്പര്‍ 98 പെട്രോളിന് 3.01 ദിര്‍ഹമായിരിക്കും വില. മാര്‍ച്ചില്‍ ഇത് 3.09 ദിര്‍ഹമാണ്. സ്‍പെഷ്യല്‍ 95 പെട്രോളിന് ഇപ്പോഴുള്ള 2.97 ദിര്‍ഹത്തില്‍ നിന്ന് 2.90 ദിര്‍ഹമായിട്ടായിരിക്കും വില കുറയുന്നത്. സമാനമായ തരത്തില്‍ നിലവില്‍ 2.90 ദിര്‍ഹമുള്ള ഇ പ്ലസ് 91 പെട്രോളിന് അടുത്ത മാസം 2.82 ദിര്‍ഹമായിരിക്കും ഒരു ലിറ്ററിന്റെ വില. ഡിസല്‍ വിലയിലും അടുത്ത മാസം കുറവുണ്ടാകും. നിലവില്‍ ലിറ്ററിന് 3.14 ദിര്‍ഹമാണ് ഡീസലിന് നല്‍കേണ്ടതെങ്കില്‍ ഒന്നാം തീയ്യതി മുതല്‍ ഇത് 3.03 ദിര്‍ഹമായി കുറയും. കഴിഞ്ഞ രണ്ട് മാസം തുടര്‍ച്ചയായി വില വര്‍ദ്ധിച്ച ശേഷമാണ് ഏപ്രിലില്‍ ഇന്ധനവിലയില്‍ ശരാശരി എട്ട് ഫില്‍സിന്റെ കുറവ് വരുന്നത്.