അബുദാബി : പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് യുഎഇ 10 വർഷത്തെ ബ്ലൂ റസിഡൻസി വീസ പ്രഖ്യാപിച്ചു. അബുദാബിയിലെ ഖസ്ർ അൽ വതനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ വീസ അംഗീകരിച്ചത്. 2024 സുസ്ഥിരതയുടെ വർഷമായി പ്രഖ്യാപിച്ച പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
സുസ്ഥിരതയും സമ്പദ്‌വ്യവസ്ഥയും മറ്റ് പ്രസക്തമായ മേഖലകളും പ്രോത്സാഹിപ്പിക്കുന്നതിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന വ്യക്തികൾക്ക് ബ്ലൂ വീസ അനുവദിക്കും. നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരത പരിസ്ഥിതിയുടെയും ദേശീയതയുടെയും സുസ്ഥിരതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വീസയുടെ കൂടുതൽ വിശദാംശങ്ങൾ വൈകാതെ വെളിപ്പെടുത്തും.