അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇത് കാരണം റോഡുകളിലെ ദൂരക്കാഴ്‍ച കുറയാന്‍ സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് നേരിടാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മോശം കാലാവസ്ഥ പ്രവചിച്ചതിന് പിന്നാലെ റോഡുകളില്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം അബുദാബി പൊലീസും നല്‍കിയിട്ടുണ്ട്. പൊടിക്കാറ്റ് രൂപം കൊള്ളുന്നത് റോഡുകളിലെ ദൂരക്കാഴ്‍ചയ്‍ക്ക് വിഘാതമാവുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ സൂക്ഷിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദേശം. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് ഒഴിവാക്കുമെന്നും ഇത് എല്ലാവരുടെയും സുരക്ഷയെ ബാധിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
അതേസമയം അബുദാബിയില്‍ ഞായറാഴ്ച മുതല്‍ അടുത്ത നാലു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓഗസ്റ്റ് 18 വരെ നേരിയതോ ശക്തമായ മഴയോ ലഭിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു. ഇത് കാരണം അന്തരീക്ഷ താപനിലയിലും കുറവ് വരും.
അസ്ഥിര കാലാവസ്ഥ നിലനില്‍ക്കുന്ന സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അബുദാബി മീഡിയ ഓഫീസ് മുന്നറിയിപ്പ് നല്‍കി. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ വേഗപരിധി പാലിക്കണം. മഴയുള്ള സമയങ്ങളില്‍ വെള്ളക്കെട്ടുകളില്‍ നിന്നും താഴ്‍വരകള്‍, കുളങ്ങള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കണമെന്നും പ്രസ്‍താവനയില്‍ വ്യക്തമാക്കി.
നാല് ദിവസത്തേക്ക് മഴ പെയ്യുമെന്ന് പ്രവചിച്ചതോടെ അബുദാബി പൊലീസും ട്രാഫിക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് വഹനത്തിന്റെ വിന്‍ഷീല്‍ഡ്, വൈപ്പറുകള്‍, ടയറുകള്‍ എന്നിവ പരിശോധിക്കണം. പകല്‍ സമയത്തും മെച്ചപ്പെട്ട ദൂരക്കാഴ്ച ലഭിക്കുന്നതിനും മറ്റ് വാഹനയാത്രികരുടെ ശ്രദ്ധ ക്ഷണിക്കുന്നതിനും ഹെഡ്‌ലൈറ്റുകള്‍ ഉപയോഗിക്കണം.
തൊട്ടു മുന്നിലുള്ള വാഹനങ്ങളുമായി വേണ്ട അകലം പാലിച്ചു വേണം വാഹനമോടിക്കാന്‍, റോഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വേഗപരിധികളും മുന്നറിയിപ്പ് ബോര്‍ഡുകളും ശ്രദ്ധിച്ച് വാഹനമോടിക്കണം. വെള്ളം നിറഞ്ഞ പ്രദേശത്ത് കൂടി വാഹനമോടിക്കരുത്, ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ പോലെ ശ്രദ്ധ തിരിക്കുന്നവ ഉപയോഗിക്കരുത് എന്നിങ്ങനെയുള്ള സുരക്ഷാ നിയമങ്ങളാണ് പൊലീസ് ഓര്‍മ്മപ്പെടുത്തിയിട്ടുള്ളത്.