അബുദാബി: കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിന്റെ നിര്യാണത്തെ തുടര്‍ന്ന് യുഇഎയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ദുഃഖാചരണം പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ രാജ്യത്തെ സര്‍ക്കാര്‍ വകുപ്പുകള്‍, യുഎഇ എംബസികളിലും നയതന്ത്ര വിഭാഗങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തി കെട്ടുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിന്റെ 16ാമത് അമീർ മരണത്തിന് കീഴങ്ങിയതായി അമീരി ദിവാൻ കാര്യ മന്ത്രിയാണ് അറിയിച്ചത്. 86 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികിൽസയിലായിരുന്നു അമീർ. ആരോഗ്യം തൃപ്തികരമായെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടതായി ഔദ്യോഗിക അറിയിപ്പ് വരികയായിരുന്നു.
ഗവർണറും,ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയും,സാമൂഹ്യകാര്യ-തൊഴിൽ മന്ത്രിയായും, ഉപപ്രധാനമന്ത്രിയും,കിരീടാവകാശിയും, അമീറുമായി ഭരണാധികാരിയെന്ന നിലയില്‍ രാജ്യത്തിന്റെ പുരോഗതിയിൽ ശ്രദ്ധേയ സംഭാവനകൾ അർപ്പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്. അതിർത്തി സംരക്ഷിക്കുന്നതിന് കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിച്ച പ്രതിരോധമന്ത്രിയും സുരക്ഷാ മേഖലയിൽ ശ്രദ്ധേയ മാറ്റങ്ങൾ വരുത്തിയ ആഭ്യന്തര മന്ത്രിയുമെന്ന നിലയിൽ ശൈഖ് നവാഫ് ശ്രദ്ധേയനായിരുന്നു.
പത്താമത്തെ അമീർ ആയിരുന്ന ശൈഖ് അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ പുത്രനായ ശൈഖ് നവാഫ്, 1937 ജൂൺ 25നാണ് ജനിച്ചത്. 1961ൽ ഹവല്ലി ഗവർണറായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. 1978വരെ ആ സ്ഥാനത്ത് തുടർന്ന അദ്ദേഹം 1978ൽ ആഭ്യന്തരമന്ത്രിയും 1988ൽ പ്രതിരോധ മന്ത്രിയുമായി. വിമോചനാനന്തര കുവൈത്തിൽ സാമൂഹിക-തൊഴിൽ മന്ത്രിയുമായി. 2020 സെപ്തംബർ 29-നാണ് കുവൈത്തിൻറെ അമീറായി അധികാരമേറ്റത്. 2006 ഫെബ്രുവരി 20 മുതൽ കിരീടാവകാശിയായിരുന്നു.