ഷാര്‍ജ: യുഎഇയിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്കായി 50,000 ദിര്‍ഹം (10 ലക്ഷം രൂപ)ധനസഹായം പ്രഖ്യാപിച്ച് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. വെള്ളപ്പൊക്കത്തില്‍ വീടുകളിലേക്ക് വെള്ളം കയറിയത് മൂലം താല്‍ക്കാലിക താമസ സൗകര്യങ്ങളിലേക്ക് മാറി താമസിക്കേണ്ടി വന്ന കുടുംബങ്ങള്‍ക്ക് തുക നല്‍കാനാണ് നിര്‍ദ്ദേശം.
65 കുടുംബങ്ങള്‍ക്ക് ഈ തുക പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍. യുഎഇയില്‍ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നിരവധി വീടുകളിലും കടകളിലും വെള്ളം കയറിയിരുന്നു. ഏഴ് പേരാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ചത്. ഷാര്‍ജയിലും ഫുജൈറയിലും കുടുങ്ങിയ 870 പേരെ അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 150 പേരെയും രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിതമായ രീതിയില്‍ ഹോട്ടലുകളിലേക്കും മറ്റ് താമസ സൗകര്യങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു.