ദോഹ: ഖത്തറും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കി യുഎഇ പ്രസിഡന്റെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ ദോഹ സന്ദര്‍ശനം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ ക്ഷണം സ്വീകരിച്ചാണ് യുഎഇ പ്രസിഡന്റ് ഖത്തറിലെത്തിയതെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു.
യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പിന്‍വലിച്ച ശേഷം ആദ്യമായാണ് യുഎഇ പ്രസിഡന്റ് ഖത്തറിലെത്തുന്നത്. തിങ്കളാഴ്ച രാവിലെ ദോഹ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ അമീരി ടെര്‍മിനലില്‍ വന്നിറങ്ങിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദിനെ സ്വീകരിക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി വിമാനത്താവളത്തിലെത്തി. അമീറിന്റെ പേഴ്‍സണല്‍ റെപ്രസെന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍ ഥാനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്‍ദുറഹ്‍മാന്‍ അല്‍ ഥാനി, അമീരി ദിവാന്‍ ചീഫ് ശൈഖ് സൗദ് ബിന്‍ അബ്‍ദുറഹ്‍മാന്‍ അല്‍ ഥാനി തുടങ്ങിയവരും നിരവധി പ്രമുഖരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.
യുഎഇ പ്രസിഡന്റിനൊപ്പം യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് ശൈഖ് തഹ്‍നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിലെ സ്‍പെഷ്യല്‍ അഫയേഴ്‍സ് അഡ്വൈസര്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്‍നൂന്‍ അല്‍ നഹ്‍യാന്‍ തുടങ്ങിയവരും ദോഹയിലെത്തി. അമീരി ദിവാനില്‍ യുഎഇ പ്രസിഡന്റിനും സംഘത്തിനും ഔദ്യോഗിക സ്വീകരണമൊരുക്കി. ഇവിടെ ഗാര്‍ഡ് ഓഫ് ഓഫര്‍ പരിശോധിക്കുകയും ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്‍തു. തുടര്‍ന്ന് രണ്ട് രാഷ്‍ട്രത്തലവന്മാരും ചര്‍ച്ചകള്‍ നടത്തി. സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയ ശൈഖ് മുഹമ്മദിനെ യാത്രയയക്കാനും ഖത്തര്‍ അമീര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.