കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎക്ക് തിരിച്ചടി. അലൻ ശുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യം കൊച്ചി എൻഐഎ കോടതി തള്ളി. അലൻ ഷുഹൈബ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കാണിച്ചാണ് എൻഐഎ ജാമ്യം റദ്ദാക്കണമെന്ന് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. സമൂഹ മാധ്യമങ്ങളിൽ അലൻ ഷുഹൈബ് ചില പോസ്റ്റുകളും വീഡിയോയും ഷെയറു ചെയ്യുന്നുവെന്നും ഇതിനെല്ലാം തീവ്രവാദ ബന്ധമുണ്ടെന്നുമായിരുന്നു എൻഐഎ കോടതിയെ ബോധിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ അലൻ എഴുതുന്ന പോസ്റ്റുകളല്ല ഇതൊന്നുമെന്നും ആ രീതിയിൽ ജാമ്യം റദ്ദാക്കാൻ കഴിയില്ലെന്നുമായിരുന്നു കോടതി നിരീക്ഷണം. കേസിൽ ഇന്ന് വിചാരണ തുടങ്ങാനിരിക്കെയാണ് എൻഐഎ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
2019 നവംബര്‍ മാസത്തിലായിരുന്നു അലനെയും ത്വാഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യു.എ.പി.എയും ചുമത്തി. പിന്നീട് കേസ് എൻ.ഐ.എ ഏറ്റെടുത്തു. എന്നാൽ പ്രാഥമിക തെളിവ് പോലും ഇല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിൽ എൻ.ഐ.എ കോടതി ഇരുവര്‍ക്കും ജാമ്യം നൽകി. ഇതിൽ ത്വാഹ ഫസലിന്‍റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയെങ്കിലും അലനെ ജാമ്യത്തിൽ തുടരാൻ അനുവദിച്ചു. പിന്നീട് ത്വാഹക്കും മേൽകോടതി ജാമ്യം അനുവദിച്ചിരുന്നു.