ഉദയ്പൂർ : രാജസ്ഥാനിലെ ഉദയ്‌പൂരിൽ നൂപുർ ശർമയെ പിന്തുണച്ച തയ്യൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കൊലപാതകത്തിന്‍റെ ഗൂഢാലോചനയിൽ ഇവര്‍ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കൊല്ലപ്പെട്ട കനയ്യ ലാലിന് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയെന്ന ആരോപണം നേരിടുന്ന സാഹചര്യത്തില്‍ മുപ്പത്തിരണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റി.
കേസിൽ നേരത്തെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ രണ്ട് പേരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയത്. കൊലപാതകം നടത്തിയവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. അതേസമയം സുരക്ഷാ ആവശ്യപ്പെട്ട് കനയ്യലാൽ പൊലീസിനെ സമീപിച്ചിട്ടും സുരക്ഷ നൽകിയില്ലെന്ന് വിമർശനം ശക്തമായതോടെയാണ് ഉദയ്പൂർ ഐജി, എസ് പി ഉൾപ്പെടെ 32 പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. വ്യാപക അഴിച്ചുപണിയാണ് ഇതോടെ പൊലീസിൽ സർക്കാർ നടത്തിയിരിക്കുന്നത്. പ്രഫുൽ കുമാറിനെ ഉദയ്പൂർ റേഞ്ച് ഐജിയായും വികാസ് ശർമ്മയെ എസ്പിയാകും നിയമിച്ചു. അറസ്റ്റിലായ മുഖ്യപ്രതികളെ അജ്മീറിലെ അതിസുരക്ഷാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവരുടെ മറ്റു ഇടപാടുകൾ അടക്കം എൻഐഎ പരിശോധിക്കുന്നുണ്ട്.
അതേസമയം, ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ട രണ്ട് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ ഇന്ന് കോടതിയിൽ അപേക്ഷ നൽകിയേക്കും. കേസിന്‍റെ ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ പ്രതികളിൽ നിന്ന് ചോദിച്ചറിയാനുണ്ടെന്നാണ് എൻഐഎ വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് എൻഐഎ പറയുന്നത്. ഈക്കാര്യങ്ങൾ ചോദിച്ചറിയാനാണ് എൻഐഎയുടെ നീക്കം. പ്രാഥമിക അന്വേഷണത്തിൽ പ്രതികൾക്ക് ഭീകര സംഘടനകളുമായി ബന്ധമില്ലെന്നാണ് എൻഐഎ നിഗമനം. എന്നാൽ എന്തെങ്കിലും തരത്തിൽ പ്രതികൾക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം ഏജൻസിയുടെ അന്വേഷണ പരിധിയിലാണ്. അതേസമയം രാജസ്ഥാൻ ജാഗ്രത തുടരുകയാണ്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് വലിയ സുരക്ഷ തുടരുകയാണ്.
നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട 48കാരനായ കനയ്യ ലാലാണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. കനയ്യ ലാലിനെ അദ്ദേഹത്തിന്റെ തയ്യൽ കടയിൽ വെച്ച് കഴുത്തറുത്ത് കൊലപ്പടുത്തുകയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിനെ അപമാനിച്ചതിനുള്ള പ്രതികാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മുന്നറിയിപ്പാണെന്നും പ്രതികൾ പറഞ്ഞിരുന്നു. കുറ്റകൃത്യം ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.