ദില്ലി: ശിവസേനയിലെ പിളർപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ എന്തെങ്കിലും തീരുമാനം എടുക്കരുത് എന്ന ഹർജിയിൽ തല്ക്കാലം ഉത്തരവിടാനാവില്ലെന്ന് സുപ്രീംകോടതി. ഭരണഘടന ബഞ്ച് ഇത് കേൾക്കുമ്പോൾ വിഷയം പരിഗണിക്കാമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഈ മാസം ഇരുപത്തിയേഴിന് മഹാരാഷ്ട്രയിലെ കേസുകൾ ഒന്നിച്ച് ഭരണഘടന ബഞ്ച് കേൾക്കുംം. തെരഞ്ഞെടുപ്പ് കമ്മീഷന് ചിഹ്നം മരവിപ്പിക്കരുത് എന്നതുൾപ്പടെ നിർദ്ദേശം നല്കണോ എന്ന് ബഞ്ച് അന്ന് ആലോചിക്കും. ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായത് ഭരണഘടന ലംഘനത്തിലൂടെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്ധവ് താക്കറെ സുപ്രീംകോടതിയെ സമീപിച്ചത്. വിഷയം ഗൗരവമേറിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണഘടന ബഞ്ചിന് വിടാൻ സുപ്രീംകോടതി തീരുമാനിച്ചത്.