മുംബൈ : പാർട്ടിയോടും നേതൃത്വത്തിനോടും കൂറുപുലർത്തുന്നുണ്ടെന്ന് സത്യവാങ്ങ്മൂലം നൽകണമെന്ന് ഭാരവാഹികളോട് ശിവസേനാ നേതാവ് ഉദ്ധവ് താക്കറേ. ‘പാര്‍ട്ടിയോട് കൂറുണ്ടെന്ന് എഴുതി നൽകണം’ എന്നാണ് ശാഖാ പ്രമുഖ് മുതലുള്ള ഭാരവാഹികൾക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പാർട്ടി പിടിക്കാനുള്ള വിമതരുടെ നീക്കം തടയാനാണ് നടപടി.
മഹാരാഷ്ട്രയിൽ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉദ്ധവിന്‍റെ നീക്കം. പുതിയ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ആദ്യ ബല പരീക്ഷണമാവും ഇന്നത്തേത്. ബിജെപിയുടെ രാഹുൽ നർവേക്കറും ശിവസേനയുടെ രാജൻ സാൽവിയും തമ്മിലാണ് പോരാട്ടം. 15 വർഷത്തോളം ശിവസേനയിൽ പ്രവർത്തിച്ച രാഹുൽ 2014ൽ സേന വിട്ട് ആദ്യം എൻസിപിയിലേക്ക് കൂട്മാറി . 2019ൽ ബിജെപിയിൽ ചേർന്ന് കൊളാബാ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കെത്തി. രത്നഗിരിയിൽ നിന്നുള്ള എംഎൽഎയാണ് രാജൻ സാൽവി. ശിവസേനയിൽ ഔദ്യോഗിക പക്ഷവും വിമത പക്ഷവും പരസ്പരം വിപ്പ് നൽകിയിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെ മുംബൈയിലെത്തിയ ശിവസേനാ വിമത എംഎൽഎമാർ മുഖ്യമന്ത്രി ഏക്നാഥ് ശിൻഡെയ്ക്കൊപ്പം മുംബൈയിലെ താജ് പ്രസിഡന്‍റ് ഹോട്ടലിലാണ് രാത്രി തങ്ങിയത്. ഇവിടെ തന്നെയാണ് ബിജെപി എംഎൽഎമാരും ഉള്ളത്. രണ്ട് ദിവസത്തെ സഭാ സമ്മേളനത്തിൽ നാളെ പുതിയ സർക്കാരിന്‍റെ വിശ്വാസ വോട്ടെടുപ്പും നടക്കും.
പരിസ്ഥിതി ലോല മേഖലയായ ആരേ കോളനിയിൽ മെട്രോ കാർ ഷെഡ് പണിയുന്നത് ഉദ്ദവ് താക്കറെ സർക്കാർ തടഞ്ഞിരുന്നു. ഈ തീരുമാനം റദ്ദാക്കിയതായിരുന്നു ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്‍റെ ആദ്യ മന്ത്രിസഭായോഗ തീരുമാനം. തന്നോടുള്ള ദേഷ്യത്തിന് പരിസ്ഥിതിയെ ദ്രോഹിക്കരുതെന്നാണ് ഇതിനോട് ഉദ്ധവ് പ്രതികരിച്ചത്.
അതിനിട, തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പ് ഇന്നലെ ശരദ് പവാറിന് നോട്ടീസ് അയച്ചു. പ്രണയ ലേഖനം കിട്ടിയെന്ന് പവാർ പരിഹസിച്ചു. ഗൊരേഗാവിലെ ഒരു റീഡെവലപ്മെന്‍റ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേിൽ സേനാ നേതാവ് സഞ്ജയ് റാവത്ത് ഇന്നലെ ഇഡിയ്ക്ക് മുന്നിലെത്തി. തനിക്കെതിരായി നടക്കുന്നത് വേട്ടയാടലെന്നായിരുന്നു റാവത്തിന്‍റെ പ്രതികരണം.