കൊച്ചി: റോഡിലെ കുഴികള്‍ പശ കൊണ്ട് ഒട്ടിച്ച് പ്രതീകാത്മക പ്രതിഷേധം. കൊച്ചി നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു പ്രതീകാത്മക സമരം. നോര്‍ത്ത് പൊലീസ് സ്റ്റേഷന് മുന്നിലെ റോഡിലാണ് പശയൊട്ടിച്ചത്. മഴയായതിനാലാണ് അറ്റകുറ്റപണികള്‍ വൈകുന്നത് എന്നാണ് നഗരസഭയുടെ വിശദീകരണം.
കൊച്ചി നഗരത്തിലെ റോഡുകള്‍ പശകൊണ്ട് ഒട്ടിച്ചാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചത്. നഗരത്തിലെ ഭൂരിഭാഗം റോഡുകളും തകർന്നു കിടക്കുകയാണ്. അതിന്റെ പ്രാഥമിക ഉത്തരവാദിത്തം എന്‍ജിനീയര്‍മാർക്കാണെന്നും അവരെ വിളിപ്പിക്കുമെന്നും കോടതി പറഞ്ഞു.
നഗരത്തിലെ നടപ്പാതകള്‍ അപകടാവസ്ഥയിലാണ്. നൂറുകണക്കിന് കാൽനടയാത്രക്കാർക്ക് ജീവൻ നഷ്ടമായി. കാൽനടക്കാർക്ക് നടക്കാൻ പോലും നഗരത്തിൽ കൃത്യമായ സൗകര്യമില്ല. ഇത്തരം സംഭവങ്ങളിൽ സിറ്റി പൊലീസ് കമ്മിഷണർക്കാണ് ഉത്തരവാദിത്തം. അടുത്ത തവണ കേസ് പരിഗണിക്കുന്നതിനു മുൻപ് കമ്മിഷണർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കോടതി പറഞ്ഞു. കോർപ്പറേഷൻ സെക്രട്ടറിക്കും ഹൈക്കോടതി നോട്ടിസ് നൽകിയിട്ടുണ്ട്.