കാസർകോട്: ഉഡുപ്പി- കാസര്‍കോട് 400 കെ വി വൈദ്യുത ലൈനിന്റെ ഭാഗമായി വിളകളും ഭൂമിയും നഷ്ടമാകുന്നവർക്ക് മാന്യമായ നഷ്ട പരിഹാരം നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് പരിഹാരമായേക്കും. ആദ്യ ഘട്ടത്തില്‍ വൈദ്യുത മന്ത്രിയും കാസര്‍കോട് ജില്ലയിലെ എം എല്‍ എമാരും ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അന്തിമ തീരുമാനമാകുമെന്ന് എം എല്‍ എയായ സി എച്ച് കുഞ്ഞമ്പു പറഞ്ഞു.
ഉഡുപ്പി – കാസര്‍കോട് 400 കെ വി വൈദ്യുത ലൈന്‍ കടന്ന് പോകുന്നതിന് താഴെയുള്ള കൃഷിത്തോട്ടങ്ങളില്‍ അതിക്രമിച്ച് കയറി മാര്‍ക്കിടുന്നു, വിളകൾക്കും ഭൂമിക്കും മാന്യമായ നഷ്ടപരിഹാരമില്ല തുടങ്ങിയ പരാതികളാണ് കര്‍ഷകര്‍ക്ക് ഉണ്ടായിരുന്നത്. ഇവരുടെ ദുരിതം സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് പരമ്പര നല്‍കിയിരുന്നു. കര്‍ഷകര്‍ കളക്ടറേറ്റിലേക്ക് മാർച്ചും സംഘടിപ്പിച്ചു.
ഉഡുപ്പി – കാസർകോട് ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് അഥവാ യു കെ ടി എല്‍ എന്ന കമ്പനിയാണ് കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഈ പദ്ധതി നടപ്പിലാക്കുന്നത്. കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങിയിരിക്കുകണ് ഇപ്പോൾ. ജില്ലയിലെ എം എല്‍ എമാരുമായി വൈദ്യുത മന്ത്രി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.
യു കെ ടി എല്‍ കമ്പനി പ്രതിനിധികളുമായി മുഖ്യമന്ത്രി അവസാന വട്ട ചര്‍ച്ച നടത്തിയ ശേഷം പുതുക്കിയ നഷ്ട പരിഹാരം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും. റബ്ബറിന് 3500 രൂപ, കശുമാവ്, പ്ലാവ്, മാവ് എന്നിവയ്ക്ക് 8000 വീതം, കമുകിന് 8,500, തെങ്ങിന് 11,500, തേക്കിന് 500 രൂപ എന്നിങ്ങനെയാണ് കമ്പനി നേരത്തെ നല്‍കാമെന്ന് ഏറ്റ നഷ്ടപരിഹാരം.