ന്യൂഡൽഹി∙ കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള നിയമനത്തിന് പ്രിയ വർഗീസിന് യോഗ്യതയുണ്ടെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയിൽ അപ്പീൽ നൽകും. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും യുജിസി ആവശ്യപ്പെട്ടേക്കും. കേരള ഹൈക്കോടതി വിധിക്കെതിരെ യുജിസി നിയമോപദേശം തേടിയിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകണമെന്ന നിയമോപദേശമാണ് യുജിസിക്ക് ലഭിച്ചത്.
∙ നിയമനം നൽകാം: സർവകലാശാലയ്ക്ക് നിയമോപദേശം
ഡോ. പ്രിയാ വര്‍ഗീസിന്‍റെ നിയമനവുമായി മുന്നോട്ടു പോകാമെന്ന് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് സ്റ്റാന്‍ഡിങ് കൗണ്‍സലിന്റെ നിയമോപദേശം. കോടതി ഉത്തരവോടെ ഗവര്‍ണറുടെ സ്റ്റേ ഇല്ലാതായെന്നും നിയമോപദേശത്തില്‍ പറയുന്നു. മലയാളം പഠനവകുപ്പിൽ അസോഷ്യേറ്റ് പ്രഫസറായി ഡോ. പ്രിയാ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവർണറുടെ ഉത്തരവിന്റെ സാധുതയെപ്പറ്റിയാണ് സര്‍വകലാശാല നിയമോപദേശം തേടിയത്.
∙ സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി റദ്ദാക്കി
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിനു കണ്ണൂർ സർവകലാശാലയിലെ അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു വേണ്ട അധ്യാപന പരിചയം ഇല്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. കണ്ണൂർ സർവകലാശാല ഫാക്കൽറ്റി ഡവലപ്മെന്റ് പ്രോഗ്രാമിന്റെ കീഴിൽ ഗവേഷണ ചെയ്ത കാലം, ഡപ്യൂട്ടേഷനിൽ സർവകലാശാല സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറും എൻഎസ്എസ് കോ ഓർഡിനേറ്ററും ആയിരുന്ന കാലം, കണ്ണൂർ സർവകലാശാലയിലെ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ കരാർ അടിസ്ഥാനത്തിൽ ലക്ചറർ ആയിരുന്ന, നെറ്റ് യോഗ്യത നേടിയതിനു ശേഷമുള്ള 2002 ജൂൺ 5 – 2003 ഫെബ്രുവരി 28 കാലം എന്നിവ അധ്യാപനമായി പരിഗണിക്കാമെന്നു കോടതി വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിക്കണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചത്.
∙ നിയമനം മരവിപ്പിച്ച് ഗവർണർ
സ്വജനപക്ഷപാതം ആരോപിച്ച് 2022 ഓഗസ്റ്റ് 17നാണു പ്രിയയുടെ നിയമനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചത്. ഈ ഉത്തരവ് ഇതുവരെ ഗവര്‍ണര്‍ റദ്ദാക്കിയിട്ടില്ല. കണ്ണൂർ വിസി, ഇന്റർവ്യൂ ബോർഡിലെയും സിൻഡിക്കറ്റിലെയും അംഗങ്ങൾ എന്നിവർക്കു കാരണം കാണിക്കൽ നോട്ടിസ് അയയ്ക്കാനും ഗവർണർ ഉത്തരവിട്ടിരുന്നു. നിയമനത്തിനെതിരെ റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായ ഡോ. ജോസഫ് സ്കറിയ ഹൈക്കോടതിയിൽ ഹർജി നൽകിയത് ഗവർണറുടെ ഉത്തരവിനു ശേഷമാണ്. പ്രിയയ്ക്കു നിശ്ചിത യോഗ്യതയില്ലെന്നും നിയമനം പുനഃപരിശോധിക്കണം എന്നുമായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിച്ചത്.