ലണ്ടൻ ∙ ഇന്ത്യൻ വംശജരായ സ്ത്രീകൾക്ക് റേഡിയോ ആക്ടിവ് ഐസോടോപ്പുകൾ അടങ്ങിയ റൊട്ടി നൽകിയ മെഡിക്കൽ ഗവേഷണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് യുകെയിലെ പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ പാർലമെന്റ് അംഗം. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ കവൻട്രിയിൽനിന്നുള്ള തായ്‌വോ ഒവാട്ടെമിയാണ് ആവശ്യമായി രംഗത്തുവന്നത്.പഠനത്തിൽ ഉൾപ്പെടുത്തിയ സ്ത്രീകളെയും കുടുംബങ്ങളെയും കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്ന് അവർ എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ കുറിച്ചു. 1969 ലാണ് ഇരുമ്പിന്റെ അപര്യാപ്തത നേരിടാൻ 21 ഇന്ത്യൻ വംശജർക്ക് ഇത്തരം റൊട്ടി നൽകിയത്. ദക്ഷിണേഷ്യക്കാരിലെ ഇരുമ്പിന്റെ അഭാവത്തെക്കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായിരുന്നു ഇത്.
പരീക്ഷണത്തിനായി തിരഞ്ഞെടുത്തവർക്ക് റേഡിയോ ആക്ടിവ് ഐസോടോപ്പായ ‘അയൺ-59’ അടങ്ങിയ ബ്രെഡാണ് നൽകിയത്. സെപ്റ്റംബറിൽ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യണമെന്നും ഇത്തരമൊരു പരീക്ഷണത്തിന് അനുമതി നൽകിയതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഒവാട്ടെമി പറഞ്ഞു.1995ൽ വിഷയവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിക്ക് പിന്നാലെ, ഇതിൽ അന്വേഷണം നടത്തിയിരുന്നുവെന്ന് മെഡിക്കൽ റിസർച്ച് കൗൺസിൽ (എംആര്‍സി) വ്യക്തമാക്കി. ഏഷ്യൻ വനിതകൾ ഇരുമ്പ് അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കണമെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയതായും അവർ പ്രസ്താവനയിൽ പറഞ്ഞു.