അമേരിക്ക : യുക്രൈനിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർത്ഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക് മാനുഷിക സഹായം നൽകുമെന്നും അവർ വ്യക്തമാക്കി. മാര്‍ച്ച് 11ന് ഫിലാഡല്‍ഫിയയില്‍ നടന്ന ഡെമോക്രാറ്റിക് സഹപ്രവര്‍ത്തകരുടെ യോഗത്തിലും യക്രൈനിയന്‍ അഭയാര്‍ത്ഥികളെ തങ്ങള്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുമെന്ന് ബൈഡന്‍ സൂചിപ്പിച്ചിരുന്നു. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്, വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി എന്നിവരും സമാനമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് യൂറോപ്പില്‍ സംരക്ഷണമില്ലെങ്കില്‍ അവരെ അമേരിക്കയിലേക്കു കൊണ്ടുവരാന്‍ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് യുഎസ് വിദേശകാര്യ വകുപ്പ് പറഞ്ഞത്. അമേരിക്കയിലേക്കുള്ള പുനരധിവാസം പെട്ടെന്നുള്ള പ്രക്രിയയല്ലെന്നത് സൂചിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ഈ പ്രസ്താവന.
യുക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുകയാണ്. മരിയുപോളിലും കീവിലും ഉൾപ്പടെ നിരവധി പേരാണ് യുദ്ധത്തിൽ കൊല്ലപ്പെട്ടത്. റഷ്യ ഷെല്ലാക്രമണം ശക്തമാക്കിയ മരിയുപോളിന്റെ ഭൂരിഭാഗം പ്രദേശങ്ങളും തകർന്ന നിലയിലാണ്. കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടെങ്കിലും റഷ്യ ആക്രമണം തുടരുകയാണ്. മരിയുപോളിൽ മാത്രം 2300 പേർ കൊല്ലപ്പെട്ടെന്നാണ് യുക്രൈൻ വ്യക്തമാക്കുന്നത്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ ഒരു ലക്ഷത്തോളം പേർ മരിയുപോളിൽ ദുരിതത്തിലാണെന്ന് പ്രസിഡന്റ് വ്ളോഡിമിർ സെലൻസ്കി പറഞ്ഞു. യുക്രൈനിൽ നിന്ന് ഇതുവരെ ഒരു കോടിയോളം ജനങ്ങൾ പാലായനം ചെയ്തതായാണ് റിപ്പോർട്ടുകൾ.