ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്‌ച നടത്തി. യുക്രൈനിലുള്ള നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും സർക്കാർ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും രാഷ്ട്രപതിയെ ധരിപ്പിച്ചു. സംഘർഷഭരിതമായ യുക്രൈനിൽ നിന്ന് വിദ്യാർത്ഥികളെയും പൗരന്മാരെയും തിരികെ എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്കിടയിലാണ് കൂടിക്കാഴ്ച.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ സർക്കാർ സംവിധാനങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ഉന്നതതല യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചിരുന്നു. യുക്രൈനിലെ സാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന രണ്ടാമത്തെ ഉന്നതതല യോഗമാണിത്.
അതേസമയം യുക്രൈനിലെ ഒഴിപ്പിക്കൽ ദൗത്യത്തിന് വ്യോമസേനയും പങ്കാളികളാകും. ഇന്നുമുതൽ സി-17 വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകും. രക്ഷാദൗത്യം വേഗത്തിൽ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചു. മാത്രമല്ല ഇന്ത്യക്കാർ ഉടൻ കീവ് വിടണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ട്രെയിനുകളോ മറ്റു മാർഗങ്ങളോ ഉപയോഗിക്കാൻ ഇന്ത്യൻ എംബസി നിർദേശിച്ചു.