ദില്ലി : യുക്രൈനില്‍ കുടുങ്ങിയവരെ റഷ്യ വഴി ഒഴിപ്പിക്കുന്നതിന് സമയമെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ. സൈനിക നടപടിക്കിടെ അതിര്‍ത്തി തുറക്കാനാവില്ലെന്ന നിലപാടിലാണ് റഷ്യ. റഷ്യൻ വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കർ ഇതുസംബന്ധിച്ച് സംസാരിച്ചേക്കും. പടിഞ്ഞാറൻ അതിർത്തിയിൽ കൂടുതൽ അതിർത്തികൾ തുറക്കാൻ യുക്രൈനോട് ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യന്‍ ആക്രമണത്തെ നാലാം ദിവസവും പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് യുക്രൈന്‍. റഷ്യയുടെ കടന്നുകയറ്റം തടയാന്‍ യുക്രൈന്‍ റെയില്‍വേ ലൈന്‍ തകര്‍ത്തു. റഷ്യയില്‍ നിന്ന് യുക്രൈനിലേക്കുള്ള റെയില്‍വേ ലൈനുകളാണ് യുക്രൈന്‍ തകര്‍ത്തത്. റഷ്യന്‍ സൈന്യം റെയില്‍വേ ലൈനുകള്‍ വഴി വരാതെ ഇരിക്കാനാണ് നീക്കം.
യുദ്ധം തുടരുന്ന സാഹചര്യത്തില്‍ യുക്രൈനില്‍ നിന്ന് പോളണ്ടിലേക്ക് അഭയാര്‍ത്ഥി പ്രവാഹം നടക്കുകയാണ്. ലക്ഷക്കണക്കിന് മനുഷ്യരാണ് യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്നത്. പോളണ്ടിലെ അതിര്‍ത്തിയില്‍ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം. യുക്രൈന്‍ സൈന്യം വിദ്യാര്‍ത്ഥികളെ തടയുകയും മടങ്ങിപ്പോവാന്‍ ആവശ്യപ്പെട്ട് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ത്തതായും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.