ദില്ലി : യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിൽ അനശ്ചിതത്വം. യുക്രൈൻ അതിർത്തിയിലെ വിമാനത്താവളം അടച്ചതോടെ കീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മടങ്ങി. ഇരുപതിനായിരത്തോളം ഇന്ത്യക്കാർ യുക്രൈനിൽ തുടരുകയാണ്. യുക്രൈൻ ആക്രമണത്തിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. യുക്രൈൻ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈനിൽ അപകടകരമായ സാഹചര്യമാണെന്നും ഐക്യരാഷ്ട്ര സഭ ഉടൻ ഇടപെടണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യക്കാരെ യുക്രൈനില്‍ നിന്നും തിരികെ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങൾ ഇന്ത്യ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി ആദ്യ വിമാന സർവീസ് ചൊവ്വാഴ്‌ച ആരംഭിച്ചിരുന്നു. രണ്ടാമത്തെ വിമാന സർവീസ് ഇന്നായിരുന്നു അതിപ്പോൾ പാതി വഴിയിലാണ്. പാക് വ്യോമാതിർത്തി കടന്ന് ഇപ്പോൾ ഇറാൻ അതിർത്തിലാണ് ഇപ്പോഴുള്ളത്. അതിനിടയിലാണ് വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഒഴിപ്പിക്കൽ നടപടികൾ നിലവിൽ പ്രതിസന്ധിയിലാണ്.
യുക്രൈനില്‍ റഷ്യ ആക്രമണം തുടങ്ങിയത് അപകടകരമായ സാഹചര്യമെന്ന് ഇന്ത്യ. വന്‍പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. നയതന്ത്രതലത്തില്‍ സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം റഷ്യയുടെ അധിനിവേശ നീക്കത്തെ ശക്തമായി തിരിച്ചടിക്കുമെന്നും അമേരിക്ക പ്രഖ്യാപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുക്രെയിനിനെതിരെ യുദ്ധം ആരംഭിക്കുകയും യുക്രെയിന്‍ സൈനികരോട് ആയുധം വെച്ച് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്ത നടപടിയില്‍ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അന്താരാഷ്ട്ര സമൂഹം റഷ്യയെ നിലയ്ക്കുനിര്‍ത്തണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു. നാറ്റോ ഒറ്റക്കെട്ടായി തിരിച്ചടിക്കും. റഷ്യയുടേത് മുന്‍കൂട്ടി നിശ്ചയിച്ച യുദ്ധമെന്നും ബൈഡന്‍ ആരോപിച്ചു. വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്ന് സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും തന്റെ ദേശീയ സുരക്ഷാ ടീമില്‍ നിന്ന് പതിവായി അപ്ഡേറ്റുകള്‍ ലഭിക്കുകയാണെന്നും ബൈഡന്‍ പറഞ്ഞു. ജി 7 കൂടിക്കാഴ്ച ചേരും. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ അമേരിക്കയും മറ്റ് സഖ്യകക്ഷികളും നടപ്പിലാക്കുന്നതിനെപ്പറ്റി പ്രഖ്യാപിക്കുന്നതിനായി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും ബൈഡന്‍ പറഞ്ഞു.