ദില്ലി : യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി വീണ്ടും അടിയന്തര യോഗം ചേർന്നു. യുക്രൈനിലെ സ്ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാദൗത്യത്തിന്‍റെ പുരോഗതി വിലയിരുത്താനുമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും ഉന്നത തല യോഗം ചേര്‍ന്നത്. വെടിനിര്‍ത്തലിനായുള്ള സമ്മര്‍ദ്ദം തുടര്‍ന്ന് പരമാവധി ആളുകളെ പുറത്തെത്തിക്കാനാണ് തീരുമാനം. അതേസമയം ഓപ്പറേഷൻ ഗംഗയിലൂടെ 2600 പേരെ കൂടി ഇന്ന് ഇന്ത്യയിലെത്തിക്കും.13 വിമാനങ്ങൾ ഇന്ന് രക്ഷാദൗത്യത്തിൽ പങ്കെടുക്കും. ഇതുവരെ 63 വിമാനങ്ങളിലായി 13300 പേരെ തിരികെയെത്തിച്ചിട്ടുണ്ട്. ദില്ലിയിലെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് കേരളത്തിലേക്ക് മടങ്ങാൻ പ്രത്യേക വിമാനങ്ങളും സജ്ജീരിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തുന്നവർക്ക് വിശ്രമിക്കാൻ കേരളഹൗസിൽ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.