യുക്രൈന്‍ : റഷ്യന്‍ അധിനിവേശ പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് രക്ഷാകേന്ദ്രമായിരുന്ന മരിയുപോളിലെ ഒരു തീയറ്ററിനുനേരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന ആരോപണവുമായി യുക്രൈന്‍. റഷ്യന്‍ വിമാനമെത്തി നാടക തീയറ്ററിന്റെ മധ്യഭാഗം തകര്‍ത്തെന്നാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ ആരോപിച്ചിരിക്കുന്നത്. ആയിരങ്ങള്‍ക്ക് രക്ഷയായിരുന്ന ഈ കെട്ടിടം തകര്‍ക്കാനുള്ള റഷ്യയുടെ മനപൂര്‍വമായ ശ്രമം അങ്ങേയറ്റം മനുഷ്യത്വരഹിതമാണെന്ന് കൗണ്‍സിലര്‍ പറഞ്ഞു. ആക്രമണത്തില്‍ എന്തൊക്കെ നാശനഷ്ടങ്ങളുണ്ടായെന്ന് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെർണിവിൽ ഭക്ഷണം വാങ്ങാൻ നിന്നവർക്ക് നേരെ റഷ്യൻ സൈന്യം വെടിവെച്ചതിനെ തുടർന്ന് പത്ത് പേർ കൊല്ലപ്പെട്ടു. കീവിലെ അമേരിക്കൻ എംബസിയാണ് വാർത്ത പുറത്തുവിട്ടത്.
കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.അധിനിവേശത്തിന്റെ ഇരുപത്തിയൊന്നാം ദിനത്തിൽ യുക്രൈന്റെ കൂടുതൽ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് റഷ്യ. കരിങ്കടലിന്റെ നിയന്ത്രണം കഴിഞ്ഞ ദിവസം റഷ്യൻ സേന ഏറ്റെടുത്തിരുന്നു. ഇതോടെ യുക്രൈന്റെ കടൽവഴിയുള്ള അന്താരാഷ്ട്രവ്യാപാരവും നിലച്ചു. തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. വൻ നഗരങ്ങൾ വൈകാതെ കീഴടക്കുമെന്ന് റഷ്യൻ പ്രതിരോധ വക്താവ് പറഞ്ഞു. കീവിലെ പാർപ്പിട സമുച്ചയത്തിനു നേരെ കഴിഞ്ഞ ദിവസം നടന്ന ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
മൈക്കലോവ്, ഖർകീവ്, ചെർണീവ്, അന്റോനോവ് വിമാന നിർമാണശാല എന്നിവിടങ്ങളിൽ വ്യോമാക്രമണമുണ്ടായി. റിൻ മേഖലയിൽ വ്യോമാക്രമണത്തിൽ ടിവി ടവർ തകർന്ന് 9 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം കീവിലെ ഹൊറൻകയിലുണ്ടായ ആക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ കൂടി കൊല്ലപ്പെട്ടിരുന്നു. ഫോക്‌സ് ന്യൂസ് ക്യാമറാമാൻ പെയ്‌റി സാക്രേവ്‌സ്‌കിയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ ബെഞ്ചമിൻ ഹോളിന് പരുക്കേറ്റിട്ടുണ്ട്.